ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്ടെത്തൽ നടത്തി. 3,800 വർഷം പഴക്കമുള്ള കാനാൻ ദേശക്കാരുടെ കമാനവും പടിപ്പുരയുമാണ് പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്. വലിയ കേടുപാടുകൾ സംഭവിക്കാതെ ഭൂമിക്കടിയിൽ സംരക്ഷിക്കപ്പെട്ടനിലയിലായിരുന്നു അത്.
ടെൽ ഷിംറോൺ എന്ന പുരാവസ്തു സൈറ്റിലായിരുന്നു ഗവേഷകരുടെ കണ്ടെത്തൽ. നാലു മീറ്ററോളം ആഴത്തിൽ ഗവേഷകർ കുഴിച്ചുനോക്കി.
ഒരു കെട്ടിടത്തിന്റെ അടിത്തറപോലെയാണ് ആദ്യനോട്ടത്തിൽ തോന്നുക. പക്ഷേ, അവിടെ മുറികളൊന്നും കണ്ടെത്താനായില്ല. ഉൾഭാഗം ഒരു നീണ്ട ഇടനാഴിപോലെയാണ് നിർമിച്ചിരിക്കുന്നത്. അത് നിഗൂഢമായ കമാനത്തിലേക്കാണ് എത്തുന്നത്. മണ്ണിനടിയിലേക്ക് ആഴത്തിലുള്ള ഒരു ഗോവണിയും ഗവേഷകർ കണ്ടെത്തി.
ഈ നിർമിതി വിചിത്രമാണെന്നും എന്തിന്റെ ഭാഗമാണ് ഈ കമാനവും പടിപ്പുരയും എന്നറിയാൻ ഇനിയും ഗവേഷണം തുടരേണ്ടതുണ്ടെന്നും ഉത്ഖനനത്തിനു മേൽനോട്ടം വഹിക്കുന്ന ഡയറക്ടറും ഓസ്ട്രിയ ഇൻസ്ബ്രക്ക് സർവകലാശാലയിലെ പുരാവസ്തു ഗവേഷകനുമായ മരിയോ എ.എസ്. മാർട്ടിൻ പറയുന്നു.
ചോദ്യങ്ങൾക്കുള്ള ഉത്തരം ക്രമേണ കണ്ടെത്താനാകുമെന്ന് പ്രതീക്ഷയിൽ ഇവിടെ ഗവേഷണം തടുരുകയാണ്. 2017ൽ ഖനനം ആരംഭിച്ച ഇവിടെ അടുത്തിടെയാണ് മനുഷ്യനിർമിതികർ ഗവേഷകർക്കു കണ്ടെത്താനായത്.