കാസർഗോഡ്: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ പ്രചാരണം തുടങ്ങി വോട്ടെണ്ണല്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരും നിഷ്കര്‍ഷിക്കുന്നതുപോലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പാടുള്ളൂവെന്ന് കാസർഗോഡ് ജില്ലാ കളക്ടര്‍ നിർദേശിച്ചു.
വളരെ കഷ്ടപ്പെട്ടതിന്റെ ഫലമായാണ് നമ്മുടെ ജില്ലയില്‍ കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. ജില്ല കോവിഡ് പ്രതിരോധത്തില്‍ കൈവരിച്ച നേട്ടം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണം.
അതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായി പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാർഥികളും പാര്‍ട്ടി പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് ഏജന്റുമാരും കോവിഡ് ആന്റിജന്‍ ടെസ്റ്റിന് വിധേയരാകാന്‍ തയാറാകണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാർഥികളും തെരഞ്ഞെടുപ്പ് പ്രവൃത്തികളിൽ പങ്കാളിയാകുന്നവരും പ്രവർത്തകരും ആന്റിജൻ ടെസ്റ്റിന് വിധേയരാകണമെന്ന ജില്ലാകളക്ടറുടെ നിർദേശം അംഗീകരിക്കാനാകില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് അറിയിച്ചു.
കക്ഷിരാഷ്ട്രീയം നോക്കി ആന്റിജൻ ടെസ്റ്റ് ഫലം വരാനും ഈ ടെസ്റ്റിന്റെ പേരിൽ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാകാനും ഇടയുണ്ട്.
രാഷ്ട്രീയസ്വാധീനത്തിന് വഴങ്ങി രാഷ്ട്രീയപ്രതിയോഗികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാൻ ഈ നിർദേശം ദുരുപയോഗം ചെയ്യാൻ സാധ്യതയേറെയാണ്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കോവിഡ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രവർത്തകർക്ക് ആന്റിജൻ നടത്താൻ ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്.
പ്രസ്തുത നിർദേശം അടിയന്തരമായി പിൻവലിക്കാത്ത പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും നിയമപോരാട്ടം നടത്തുകയും ചെയ്യുമെന്ന് ശ്രീകാന്ത് പറഞ്ഞു.