പത്തനംതിട്ട: ആനത്തോട്, പന്പ ഡാമുകളിൽ തുറന്നുവിട്ടത് വേണ്ടത്ര മുന്നറിയിപ്പോ, മുൻകരുതലോ ഇല്ലാതെയാണെന്ന് ആന്റോ ആന്റണി എംപി.പത്തനംതിട്ട പ്രസ്ക്ലബിൽ ഒഴുക്കിനെതിരെ ഒന്നിച്ച് സംവാദം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ടയിലെ ഡാമുകൾ തുറക്കുന്നതിനു മുന്പ് ജില്ലാ കളക്ടർക്കു വ്യക്തമായ അറിയിപ്പുകൾ നൽകിയിട്ടില്ല. ഒന്പതിനു ഡാം തുറന്നുവെങ്കിലും പിന്നീട് ഷട്ടർ താഴ്ത്തി. മഴ ശക്തമായപ്പോൾ കൂടുതൽ ഷട്ടറുകൾ തുറന്ന് അധികജലം പുറത്തേക്കു വിടുന്നുവെങ്കിൽ ഇതിനു കൃത്യമായ വിവരവും കണക്കും ജില്ലാ ഭരണകൂടത്തെ അറിയിക്കേണ്ട ബാധ്യത കെഎസ്ഇബിക്കുണ്ടായിരുന്നു. ഇതുണ്ടായിട്ടില്ല.
കളക്ടറെ ഇക്കാര്യത്തിൽ പഴിപറഞ്ഞിട്ടു കാര്യമില്ലെന്നും അദ്ദേഹം പോലും വിവരം അറിയുന്നത് 14നു രാത്രി വൈകിയാണെന്നും അപ്പോഴേക്കും റാന്നി മുങ്ങിയിരുന്നുവെന്നും ആന്റോ പറഞ്ഞു.പവെളളപ്പൊക്കത്തെ നേരിടാൻ ഫയർഫോഴ്സിന് ആവശ്യമായി പരിശീലനവും ഉപകരണങ്ങളും നൽകണമെന്ന് ശബരിമല അവലോകന യോഗങ്ങളിൽ മൂന്നു വർഷമായി താൻ പറഞ്ഞിരുന്നതാണ്.
മിനിട്സിൽ രേഖപ്പെടുത്തിയെങ്കിലും നടപടികളുണ്ടായില്ല. പ്രളയക്കെടുതികൾ നേരിടുന്നവർക്ക് വായ്പകൾ തിരിച്ചടയ്ക്കുന്നതിന് ഏർപ്പെടുത്തിയ മൊറോട്ടോറിയം കാർഷിക, വിദ്യാഭ്യാസ, തൊഴിൽ വായ്പകൾക്കും ലഭ്യമാക്കണം. വീടുകളിൽ വെള്ളം കയറി വൻനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വ്യാപാരികൾക്കും അപ്രതീക്ഷിത നഷ്ടമുണ്ടായി. ഇവരെയൊക്കെ സഹായിക്കാൻ പദ്ധതികൾ വേണം ആന്റോ ആന്റണി പറഞ്ഞു.