പുല്ലാട്: പ്രളയക്കെടുതിയിൽ ഏറ്റവും ദുരിതം ഏറ്റുവാങ്ങിയ കോയിപ്രം ഇരവിപേരൂർ പഞ്ചായത്ത് പ്രദേശങ്ങളിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച് കടന്നു പോകുന്ന നിർദിഷ്ട അതിവേഗ റെയിൽ പദ്ധതിയുടെ രൂപരേഖ മാറ്റിയതിൽ ദുരൂഹതയെന്നും ഇതു സംബന്ധിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും ആന്റോ ആന്റണി എംപി.
കോൺഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരീലമുക്ക് ജംഗ്ഷനിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി അംഗം മാത്യു കല്ലുങ്കത്തറ അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, കോൺഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ, കെ. ആർ. പ്രസന്നകുമാർ, കുഞ്ഞുമോൻ മണ്ണാരിയേത്ത്, എൻ. കെ. രാഘവൻ, സുനിൽ വൈരോൺ, എം. വി. സാമുവേൽ, ഈശോ കെ. കുറ്റിക്കാട്ടിൽ, ഷാജി നല്ലുമലയിൽ, എ. എം. ഏബ്രഹാം ചെറുവള്ളിയിൽ, രാധാകൃഷ്ണ കുറുപ്പ്, അജിൽ വി. രാജൻ എന്നിവർ പ്രസംഗിച്ചു.
അതിവേഗ പാത കടന്നു പോകുന്ന കോയിപ്രം, കുന്നത്തുംകര, മീനാറുംകുന്ന്, നെല്ലിമല മേഖലയിലെ ജനങ്ങളുടെ പരാതി പരിഹക്കാൻ സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ കരീലമുക്ക് ജംഗ്ഷനിൽ ധർണ നടത്തിയത്.