പത്തനംതിട്ട: ജലജീവന്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 216.83 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുന്നതായി ആന്റോ ആന്റണി എംപി അറിയിച്ചു. പദ്ധതിയുടെ 97.57 കോടി (45 ശതമാനം) കേന്ദ്ര വിഹിതവും 65.04 കോടി (30 ശതമാനം) സംസ്ഥാന വിഹിതവുമാണെന്ന് എംപി പറഞ്ഞു.
പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ ഓരോ ഗ്രാമപഞ്ചായത്തിലും ജലജീവന്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടിക്കണക്കിന് രൂപയുടെ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകളാണ് നടപ്പിലാക്കി വരുന്നത്.
ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതോടെ ശുദ്ധജലക്ഷാമത്തിന് ശാശ്വത പരിഹാരം കാണുവാന്‍ കഴിയും. പദ്ധതി കൃത്യമായി പൂര്‍ത്തീകരിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന ജലഅഥോറിറ്റിക്കാണെന്നും എംപി ചൂണ്ടിക്കാട്ടി.
ശബരിമല – പമ്പയില്‍ കുടിവെള്ള പരിശോധനാ ലാബ് ജലജീവന്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ അനുവദിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ചു.
എന്എബിസി അംഗീകാരത്തോടു കൂടിയ ലാബാണ് പമ്പയില്‍ നിര്‍മിച്ചിരിക്കുന്നത്. ഫിസിക്കല്‍, കെമിക്കല്‍, മൈക്രോബയോളജി ഉള്‍പ്പെടെ കുടിവെള്ളത്തിന്റെ ഗുണനിലവാരം നിര്‍ണയിക്കുന്ന ഇരുപതോളം ഘടകങ്ങള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ലാബില്‍ ലഭ്യമാണെന്നും ആന്റോ ആന്റണി പറഞ്ഞു.