പത്തനംതിട്ട: നായയുടെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അഭിരാമിയുടെ മരണത്തില്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു.
നായയുടെ കടിയേറ്റത്തിനുശേഷം മൂന്നു വാക്സിനുകള്‍ എടുത്തിട്ടും കുട്ടി മരണമടഞ്ഞത് വളരെയധികം ഞെട്ടല്‍ ഉണ്ടാക്കുന്നതാണ്.
വാക്സിനുകളുടെ ഗുണമേന്മയെ സംബന്ധിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന ആശങ്കയ്ക്ക് അടിവര ഇടുന്നതാണ് ഈ സംഭവം.
കടിയേറ്റ കുട്ടിയെ പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ ആദ്യ ഡോസ് വൈകിയതും അന്വേഷിക്കണം.
വാക്സിന്റെ കാര്യക്ഷമതയെക്കുറിച്ച്
പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്സിന്റെ കാര്യക്ഷമതയെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി ഗുണമേന്മ ഇല്ലാത്ത വാക്സിനുകള്‍ മുഴുവന്‍ പിന്‍വലിച്ച് ഫലപ്രദമായ വാക്സിനുകള്‍ ആശുപത്രികളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാവണം.
കുറ്റകരമായ അനാസ്ഥ
ഒരു വര്‍ഷത്തിനിടയില്‍ ഇരുപതോളം ആളുകള്‍ പേ വിഷബാധയേറ്റ് മരണമടയുകയും രണ്ടു ലക്ഷത്തോളം ആളുകള്‍ക്ക് തെരുവു നായ്ക്കളുടെ കടിയേല്‍ക്കുകയും ചെയ്തു.
തെരുവുനായ്ക്കളെ നിയന്ത്രിക്കുന്ന കാര്യത്തിലും ഫലപ്രദമായ വാക്സിനുകള്‍ ലഭ്യമാക്കുന്ന കാര്യത്തിലും യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ല എന്നത് കുറ്റകരമായ അനാസ്ഥയാണ്.
മുന്‍പ് തെരുവുനായയുടെ കടിയേറ്റാല്‍ പ്രതിരോധ വാക്സിന് ഫലപ്രദമായിരുന്നു. എന്നാല്‍, ഇപ്പോള്‍ യാതൊരു ഗുണമേന്മയുമില്ലാത്ത പ്രതിരോധ വാക്സിനുകളാണ് നിലവില്‍ ഉള്ളത് എന്നാണ് നൂറുകണക്കിന് ആളുകളുടെ അനുഭവങ്ങള്‍ തെളിയിക്കുന്നത്.
ആയതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട് ഗുണമേന്മയുള്ള വാക്സിനുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
ധനസഹായം അനുവദിക്കണം
അഭിരാമിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്നും എംപി പറഞ്ഞു.