പത്തനംതിട്ട: ദുരൂഹസാഹചര്യത്തിൽ മരിച്ച ആദിവാസി യുവാവ് അടിച്ചിപ്പുഴ തേക്കുംകാട്ടിൽ ബാലുവിന്റെ മരണത്തെ സംബന്ധിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു.
ബാലുവിന്റെ വീട് സന്ദർശിച്ചപ്പോൾ വീട്ടുകാരും അടിച്ചിപ്പുഴ നിവാസികളും നിലവിലുള്ള അന്വേഷണത്തിൽ അസംതൃത്പി പ്രകടിപ്പിക്കുകയും യഥാർഥ കുറ്റവാളികൾക്ക് രക്ഷപെടാനുള്ള അവസരമൊരിക്കുന്ന തരത്തിലുള്ള അന്വേഷണമാണ് നടക്കുന്നതെന്നും സംശയം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കണമെന്നാവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് ഡിജിപിക്കു കത്തു നല്കിയതായി എംപി പറഞ്ഞു.
അടിച്ചിപ്പുഴ ആദിവാസി ഗ്രാമത്തിൽ നിന്ന് ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ അടിച്ചിപ്പുഴ നിരപ്പുപാറ ജംഗ്ഷനിൽ എംപി ഫണ്ടിൽ നിന്നും എൽഇഡി ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചു നല്കി. ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ നിലവിലുള്ള കുടിവെള്ളത്തിന്റെ പൈപ്പ് ലൈൻ 250 മീറ്റർ നീട്ടുന്നതിനായി എംപി ഫണ്ടിൽ നിന്നും തുക അനുവദിച്ചിട്ടുണ്ട്.
വയറിംഗ് പൂർത്തിയാക്കി ഒരുവർഷമായി വൈദ്യുതി ലഭിക്കാതിരുന്ന ബാലുവിന്റെ വീട്ടിൽ വൈദ്യുതി കണക്ഷൻ നല്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥരുമായി സംസാരിച്ച് ക്രമീകരണമുണ്ടാക്കി. പത്താം ക്ലാസിൽ പഠനം നിർത്തിയ ബാലുവിന്റെ സഹോദരന് വടശേരിക്കര ട്രൈബൽ റസിഡൻഷ്യൽ സ്കൂളിൽ തുടർ പഠനം നടത്താൻ സ്കൂൾ അധികൃതരുമായി സംസാരിച്ച് ധാരണയാക്കിയതായും എംപി അറിയിച്ചു.