പത്തനംതിട്ട: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം കെഎസ്ആർടിസിയുടെ പത്തനംതിട്ട ബസ് ടെർമിനൽ തുറന്നു കൊടുത്തപ്പോൾ ഉദ്ഘാടനം ഒഴിവാക്കി.
നേരത്തെ രണ്ട് ഉദ്ഘാടനങ്ങൾ നടന്നിരുന്നെങ്കിലും ഇന്നലെ മുതൽ പുതിയ ബസ് ടെർമിനലിൽ നിന്ന് ബസുകൾ ഓപ്പറേറ്റ് ചെയ്തു തുടങ്ങുന്നതോടനുബന്ധിച്ച് ഒരു ഉദ്ഘാടനം കൂടി നടത്താൻ പരിപാടിയിട്ടിരുന്നു.
മന്ത്രി ആന്റണി രാജു ഉദ്ഘാടകനും മന്ത്രി വീണാ ജോർജ് അധ്യക്ഷയുമായി പരിപാടി നിശ്ചയിച്ചതാണ്.
എന്നാൽ കെഎസ്ആർടിസിയിൽ ശന്പളം നൽകാത്തതുമായി ബന്ധപ്പെട്ട് യൂണിയനുകൾ സമരരംഗത്തായതിനാൽ ഇവരുടെ പ്രതിഷേധം ഭയന്ന് പരിപാടി മാറ്റുകയായിരുന്നുവെന്ന് പറയുന്നു.
മന്ത്രി ആന്റണി രാജു എത്തില്ലെന്ന് രണ്ടുദിവസം മുന്പേ അറിയിച്ചിരുന്നു. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജ് ഫ്ളാഗ് ഓഫ് നിർവഹിക്കാനെത്തുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല.
ഉദ്ഘാടന പരിപാടി ഇല്ലാതെ തന്നെ ബസുകൾ കയറി ഇറങ്ങിക്കൊള്ളാൻ അനുമതി ലഭിച്ചു.
പുലർച്ചെ നാലിനു തന്നെ ആദ്യ സർവീസ് ബസ് ടെർമിനലിൽ നിന്നു പുറപ്പെട്ടു. ബസ് സ്റ്റേഷന്റെ പ്രവർത്തനം പൂർണമായി പുതിയ ടെർമിനലിലേക്ക് നീക്കി.
യാത്രക്കാർ രാവിലെ മുതൽ പുതിയ ടെർമിനലിൽ എത്തി. അടിസ്ഥാന സൗകര്യങ്ങൾ പൂർണമാകാത്തത് യാത്രക്കാരെ വലയ്ക്കുന്നു. കംഫർട്ട് സ്റ്റേഷനുകൾ, കാന്റീൻ ഇവയെല്ലാം അടച്ചിട്ടിരിക്കുകയാണ്.
കരാർ നൽകാത്തതാണ് കാരണം. കുടിവെള്ള സൗകര്യം അടക്കം പുറമേ നിന്നു കണ്ടെത്തേണ്ടിവരും.
യാത്രക്കാർക്ക് മതിയായ ഇരിപ്പിട സൗകര്യം ഉൾപ്പെടെ ആയിട്ടില്ല. ബസുകളുടെ പാർക്കിംഗ് സംബന്ധിച്ചും വ്യക്തമായ മാർഗനിർദേശമായിട്ടില്ല.
സ്വകാര്യവാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഉണ്ടെങ്കിലും ഈ സ്ഥലവും കരാർ നൽകിയിട്ടില്ല. കടമുറികൾ, ഡോർമെറ്ററി സൗകര്യങ്ങളും എന്നിവയും അടച്ചിട്ടിരിക്കുകയാണ്.