അണുബോംബിന്റെ പേരിൽ അമേരിക്കയും ഉത്തരകൊറിയയും നടത്തുന്ന വെല്ലുവിളിയിൽ ഭയചകിതരായി നിൽക്കുന്നത് ലോകം മുഴുവനുമാണ്. എന്നാൽ ആരും ഭയപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അതീന്ദ്രിയ ജ്ഞാനമുണ്ടെന്ന് അവകാശപ്പെടുന്ന പ്രശസ്തനായ മെക്സിക്കൻ സ്വദേശി അന്റോണിയോ വാക്വെസ്.
എല്ലാ വർഷത്തിന്റെയും ആരംഭത്തിൽ രാഷ്ട്രീയം, സെലിബ്രിറ്റീസ്, കായികം തുടങ്ങി ലോകത്തിലെ പ്രധാനപ്പെട്ട വിഷയത്തെ സംബന്ധിച്ച് അദ്ദേഹം പ്രവചനം നടത്താറുണ്ട്. ഇപ്രകാരം പ്രവചിച്ചവയിൽ ഭൂരിഭാഗം കാര്യങ്ങളും ഫലിച്ചിട്ടുണ്ട്.തുടർന്നാണ് ഇദ്ദേഹം ലോക പ്രശസ്തനാകാൻ തുടങ്ങിയത്.
നാളുകളായി തുടരുന്ന അമേരിക്ക- ഉത്തരകൊറിയ വാഗ്വാദങ്ങൾ അണ്വായുധ വിക്ഷേപണത്തിൽ കലാശിക്കില്ലെന്നും. മാത്രമല്ല ഒരു ബോംബ് പോലും അന്തരീക്ഷത്തിൽ പറക്കില്ലെന്നും ഇരുവരും തമ്മിൽ ഒരു കരാറിൽ ഏർപ്പെടുമെന്നും അന്റോണിയോ വ്യക്തമാക്കി.
കൊളംബിയൻ പോപ് താരം ഷക്കീറയ്ക്ക് ഇത് നല്ലവർഷമായിരിക്കില്ലെന്നും അദ്ദേഹം പ്രവചിച്ചു. സ്വരനാളിയിൽ മുറിവേറ്റതിനാൽ വേൾഡ് ടൂറിൽ നിന്നും പിന്മാറിയ ഇവർ ചികിത്സയിലാണ്. ഈ പരിക്ക് ഭേദമാകുമോയെന്നത് സംശയമാണെന്നും അദ്ദേഹം പറഞ്ഞു.
വെനസ്വെലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോ, ബ്രസീലിയൻ രാഷ്ട്രീയ നേതാവ് മൈക്കിൾ ടെമെർ, അമേരിക്കൻ ജയിലിൽ കഴിയുന്ന മെക്സിക്കോയിലെ അധോലോക നേതാവ് ജോക്വിൻ ഗുസ്മാൻ എന്നീ മൂന്നു പേരിലൊരാളുടെ കൊലപാതകവും ഗുസ്മാന്റെ അനാരോഗ്യവും ആന്റോണിയോ പ്രവചിച്ചു. റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ ജർമനി സ്പെയിനിനെ തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കഴിഞ്ഞ വർഷം അദ്ദേഹം നടത്തിയ പ്രവചനങ്ങളിൽ തെറ്റ് പറ്റിയിട്ടുമുണ്ട്. 2016ൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോണൾഡ് ട്രംപ് തോൽക്കുമെന്നും അധോലോക നേതാവ് ജോക്വിൻ ഗുസ്മാൻ കൊല്ലപ്പെടുമെന്നും വെനസ്വലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്ക് അധികാരം നഷ്ടമാകുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു എന്നാൽ ഇത് പാളി. എന്തായാലും ഇത്തവണ അന്റോണിയോയുടെ പ്രവചനം ഫലിക്കുമോ അതോ തെറ്റുമോ എന്ന് കണ്ണും നട്ടിരിക്കുകയാണ് ലോകം.