വൈപ്പിൻ: മകനും മരുമകനും കൊലക്കേസ് പ്രതിയായ സുഹൃത്തും കൂടി എക്സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടുത്തിയ അബ്കാരി കേസിലെ പ്രതി ഞാറക്കൽ എളങ്കുന്നപ്പുഴ ആന്റി എന്ന് വിളിക്കുന്ന ആന്റണി (58) കഴിഞ്ഞദിവസം അറസ്റ്റിലായെങ്കിലും രക്ഷപ്പെടാൻ സഹായിച്ചവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പകൽ നാട്ടിൽ നിൽക്കാത്ത മൂവരും രാത്രികാലങ്ങളിൽ ഞാറക്കൽ എത്തുന്നുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് പോലീസ് നീങ്ങുന്നത്.
അബ്കാരി കേസിൽ വാറണ്ടുള്ള പ്രതിയെ അന്വേഷിച്ച് കഴിഞ്ഞ ഓഗസ്റ്റ് 25 ന് രാത്രിയിലായിരുന്നു ഞാറക്കൽ എക്സൈസ് സംഘം പ്രതിയുടെ വീട്ടിലെത്തിയത്. കൈയോടെ പിടികൂടി കൈവിലങ്ങണിയിച്ച് ജീപ്പിൽ കയറ്റാൻ ഒരുങ്ങുന്നതിനിടെ പ്രതിയുടെ മകനും മരുമകനും കൊലക്കേസ് പ്രതിയായ മറ്റൊരു സുഹൃത്തും ചേർന്ന് എക്സൈസ് സംഘത്തെ ആക്രമിക്കുകയും കൈവിലങ്ങുമായി പ്രതി രക്ഷപ്പെടുകയുമായിരുന്നു.
ഇതിനുശേഷം ഇയാളും കുടുംബവും ഒളിവിലായിരുന്നു. ഇയാൾ ഇടക്കിടെ രാത്രികാലങ്ങളിൽ വീട്ടിൽ എത്തുന്നുണ്ടെന്ന രഹസ്യവിവരം പോലീസിനു ലഭിച്ചതിനെത്തുടർന്ന് കാത്തിരുന്നാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി ബിവറജ് ഔട്ട്ലറ്റിൽ നിന്നും മദ്യം വാങ്ങി ചെറിയ കുപ്പികളിൽ പകർത്തി അനധികൃതമായി വിൽക്കുന്നതിനിടെ ഞാറക്കൽ എസ്ഐ സംഗീത് ജോബും സംഘവുമാണ് ആന്റണിയെ പിടികൂടിയത്. പോലീസിനെ കണ്ട് ഓടിയ പ്രതിക്ക് പിന്നാലെ പാഞ്ഞ പോലീസ് ഏറെ ആയാസപ്പെട്ടാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 2.5 ലിറ്റർ മദ്യവും ഇയാളിൽ നിന്നും പോലീസ് പിടിച്ചെടുത്തു. നിരവധി മോഷണക്കേസിലെ പ്രതിയുകൂടിയാണിയാൾ എന്ന് പോലീസ് പറഞ്ഞു. ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.