ഉദയംപേരൂർ(കൊച്ചി): നിയന്ത്രണരേഖയിൽ പൂഞ്ച് ജില്ലയിൽ പാക് ഒളിയാക്രമണത്തിൽ (സ്നൈപ്പർ ആക്രമണം) വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംസ്കാരം നാളെ സൈനിക ബഹുമതിളോടെ നടക്കും.
എറണാകുളം ഉദയംപേരൂർ സ്റ്റെല്ലാ മേരീസ് പബ്ലിക് സ്കൂളിനു തെക്കുഭാഗം കറുകയിൽ പരേതനായ മൈക്കിളിന്റെ മകൻ ലാൻസ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യൻ (34) ആണു വീരമൃത്യു വരിച്ചത്. ഇന്നലെ വൈകുന്നേരം കൃഷ്ണഘാട്ടി സെക്ടറിലായിരുന്നു പാക് ആക്രമണം. കഴിഞ്ഞ മാസം രണ്ടിനാണ് ആന്റണി അവസാനം നാട്ടിലെത്തി മടങ്ങിയത്.
സേവനം മതിയാക്കി 2019 മാർച്ച് 30ന് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കെയാണു വീരമൃത്യു. 15 വർഷത്തെ സേവനം പൂർത്തിയാക്കി രണ്ടു വർഷം മുൻപ് നാട്ടിലേക്ക് മടങ്ങാൻ ഇരുന്നതാണെങ്കിലും പിന്നീട് രണ്ട് വർഷവും കൂടി സേവനത്തിൽ തുടരുകയായിരുന്നു. ഇന്നലെ രാത്രി പത്തോടെയാണു കാഷ്മീരിൽനിന്നു മരണവാർത്ത വീട്ടുകാരെ അറിയിച്ചത്. ആന്റണിയുടെ ആകസ്മിക മരണത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണു കുടുംബം.
ഷീലയാണ് വീരമൃത്യു വരിച്ച ആൻറണിയുടെ മാതാവ്. ഭാര്യ അന്ന ഡയാന ജോസഫ്. ഏകമകൻ എയ്ഡൻ (ഏഴ്). പാക് ഒളിയാക്രമണത്തിൽ ഹവിൽദാർ മാരിമുത്തുവിനു ഗുരുതരമായി പരിക്കേറ്റിരുന്നു. മൂന്നു ദിവസത്തിനിടെ പാക് ഒളിവെടി ആക്രമണത്തിൽ മൂന്നു സൈനികരാണു വീരമൃത്യു വരിച്ചത്.
വെള്ളിയാഴ്ച ആർമി പോർട്ടർ പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച നൗഷേര സെക്ടറിൽ നായിക് ഗോസാവി കേശവ് സോംഗിർ(29), ശനിയാഴ്ച സുന്ദർബിനി സെക്ടറിൽ റൈഫിൾമാൻ വരുണ് കട്ടാൽ(21) എന്നിവരാണു വീരമൃത്യു വരിച്ച മറ്റു സൈനികർ.