വധശിക്ഷ ഒഴിവയതോടെ ആശ്വാസം ജയില്‍ അധികൃതര്‍ക്കും, തൂക്കുമരമൊരുക്കിയ പൂജപ്പുര ജയിലില്‍ ‘പാവം ക്രൂരനായി’ ആന്റണി, ജയിലില്‍ പഞ്ചപാവം, ആലുവ കൂട്ടക്കൊലയിലെ പ്രതിയുടെ ജയില്‍ ജീവിതം ഇങ്ങനെ

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നീണ്ട 38 വര്‍ഷങ്ങള്‍ക്കുശേഷം തൂക്കുമരം ഒരുക്കി അധികൃതര്‍ കാത്തിരുന്നു. കോളിളക്കം സൃഷ്ടിച്ച ആലുവ മാഞ്ഞൂരാന്‍ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതോടെയായിരുന്നു ജയില്‍ അധികൃതര്‍ അന്ന് നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍ ഇന്നലെ ആന്റണിയുടെ വധശിക്ഷയില്‍ ഇളവ് വരുത്തിക്കൊണ്ട് ജീവപര്യന്തമാക്കി.

സുപ്രീംകോടതി വിധി വന്നതോടെ പ്രതി ആന്റണിയോടൊപ്പം ജയില്‍ അധികൃതര്‍ക്കും ആശ്വാസം. 17 വര്‍ഷം മുമ്പു നാടിനെ നടുക്കിയ ആലുവ കൂട്ടക്കൊലയില്‍ ഒരു കുടുംബത്തിലെ ആറ് പേരുടെ ജീവനെടുത്ത കേസില്‍ 12 വര്‍ഷത്തോളമായി പ്രതിയായ ആന്റണി പൂജപ്പുര ജയിലില്‍ പാവം ക്രൂരനായി കഴിഞ്ഞു വരികയാണ്.

രാഷ്ട്രപതി ദയാഹര്‍ജി തള്ളിയത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ജയില്‍ ആസ്ഥാനത്തും ജില്ലാ കോടതിക്കും ലഭിക്കുന്ന മുറയ്ക്ക് വധശിക്ഷയുള്ള നടപടിക്രമങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കാറാണ് പതിവ്. ശിക്ഷ നടപ്പാക്കുന്നതിന് ജില്ലാ കോടതി മരണശിക്ഷ നടപ്പാക്കുന്നതിനുള്ള ദിവസവും സമയവും അടക്കമുള്ള നടപടിക്രമങ്ങള്‍ ഉള്‍പ്പെട്ട ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്യും.

തൂക്കുമരം സജ്ജീകരിക്കുക എന്നതാണ് പ്രാഥമിക നടപടി. ആന്റണിക്കെതിരേ വധശിക്ഷ പ്രഖ്യാപനത്തെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് പൂജപ്പുര ജയിലില്‍ തൂക്കുമുറിയുടെ അറ്റകുറ്റപ്പണികളും കഴുമരവും മറ്റും സജീകരിക്കാനും ഒരുങ്ങിയിരുന്നു. പൂജപ്പുരയില്‍ 38 വര്‍ഷത്തിനുശേഷം വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവ് വന്നതോടെ പ്രതി ആന്റണിയെ ഏകാന്തത തടവറയിലേക്ക് മാറ്റണമായിരുന്നു.

വധശിക്ഷ നടപ്പാക്കുമ്പോള്‍ പ്രതി പൂര്‍ണമായും ആരോഗ്യവാനായിരിക്കണമെന്നാണ് ചട്ടം അനുശാസിക്കുന്നത്. ഏതെങ്കിലും രീതിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് പരിക്കേല്‍ക്കുകയോ അസുഖം വരുകയോ ചെയ്താല്‍ ശിക്ഷ നടപ്പിലാക്കുന്നതില്‍ തടസം നേരിടും. അതുകൊണ്ട് തന്നെ പ്രതിയെ പാര്‍പ്പിക്കുന്ന സെല്ലില്‍ 24 മണിക്കൂര്‍ പോലീസ് കാവലുണ്ടാകും.

പ്രതിയുടെ പൂര്‍ണസമ്മതത്തോടെ മാത്രമേ സന്ദര്‍ശകരെ പോലും അനുവദിക്കുകയുള്ളൂ. മാഞ്ഞൂരാന്‍ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷയ്ക്കുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വധശിക്ഷ സ്റ്റേ ചെയ്ത് അന്ന് ഉത്തരവിറക്കിയത്.

ആലുവ സബ് ജയില്‍ റോഡില്‍ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍, ഭാര്യ ബേബി, മക്കളായ ജെയ്‌മോന്‍, ദിവ്യ, അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി, സഹോദരി കൊച്ചുറാണി എന്നിവരടങ്ങിയ ആറംഗ കുടുംബത്തെ ഒന്നടങ്കം ആന്റണി ദാരുണമായി കൊലപ്പെടുത്തി എന്നാണ് കേസ്.

അന്വേഷണം നടത്തിയ സിബിഐയുടെ കുറ്റപത്രം ആദ്യം കുറ്റം സമ്മതിക്കുകയും പിന്നീട് നിഷേധിക്കുകയും ചെയ്ത പ്രതി ആന്റണി കോടതി വിധിയേത്തുടര്‍ന്ന് പൂജപ്പുര ജയിലില്‍ ദീര്‍ഘകാലമായി തടവിലാണ്. ജയിലിലെ ആന്റണിയുടെ നല്ല പെരുമാറ്റവും സൗമ്യസ്വഭാവവും വിചാരണവേളയില്‍ പ്രതിഭാഗം അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതടക്കം പരിശോധിച്ച ജസ്റ്റീസുമാരായ മദന്‍ ബി.ലോകൂര്‍, എസ്.അബ്ദുള്‍ നസീര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് ദയാഹര്‍ജി തള്ളിയശേഷവും അസാധാരണമായ വിധിയിലൂടെ പ്രതി ആന്റണിയുടെ വധശിക്ഷ ലഘൂകരിച്ച് ജീവപര്യന്തമാക്കിയത്.

Related posts