കൊച്ചി: മനോരോഗ വിദഗ്ധന്റെ വ്യാജ കുറിപ്പടി തയ്യാറാക്കി ആശുപത്രികളിൽനിന്നും മെഡിക്കൽ സ്റ്റോറുകളിൽനിന്നും മനോരോഗികൾക്കു നൽകുന്ന നൈട്രോസെപാം ഉൾപ്പെടെയുള്ള ലഹരി ഗുളികകൾ വാങ്ങി വിൽപ്പന നടത്തുന്ന യുവാവ് പോലീസ് പിടിയിൽ.
വടുതല സ്വദേശി ആന്റണി നിഖിൽ (25) ആണ് എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണു കേസിനാസ്പദമായ സംഭവം. നഗരത്തിലെ പ്രമുഖ ആശുപത്രിയിൽ വ്യാജ കുറിപ്പടിയുമായി മരുന്നുകൾ വാങ്ങുവാൻ എത്തിയ നിഖിൽ ആശുപത്രി ഫാർമസിയിലെത്തി മരുന്നുകൾ ആവശ്യപ്പെട്ടു. സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് നിഖിലിനെ ആശുപത്രിയിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതി ഇത്തരത്തിൽ വ്യാജ കുറിപ്പടി ഉപയോഗിച്ച് നിരവധി മെഡിക്കൽ സ്റ്റോറുകളിൽനിന്നും മരുന്നുകൾ വാങ്ങി വിൽപ്പന നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കടുത്ത മനോരോഗമുള്ളവരുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന നൈട്രോസെപാം യുവാക്കളുടെ ഇടയിൽ ലഹരിക്കായി ഉപയോഗിക്കുന്നുണ്ട്. നോർത്ത് പോലീസ് ഇൻസ്പെക്ടർ സിബി ടോമിന്റെ നിർദേശാനുസരണം സബ് ഇൻ സ്പെക്ടർ വി.ബി. അനസും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു