മുന്‍ കാമുകി ഗാര്‍ഹിക പീഡനാരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് ബ്രസീലിയന്‍ സൂപ്പര്‍ ഫുട്ബോളര് ആന്റണിയെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ദേശീയ ടീമില്‍ നിന്നൊഴിവാക്കി.
മുന്‍ കാമുകിയെ ആന്റണി ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ താരത്തിനെതിരേ നടപടിയുമായി രംഗത്തെത്തിയത്.
ഗാര്‍ഹിക പീഡനം ആരോപിച്ച് ആന്റണിയുടെ മുന്‍ കാമുകി മേയ് 20ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്.
ഹോട്ടലില്‍ വെച്ചും യാത്രയ്ക്കിടയിലും നിരവധി തവണ ആന്റണി ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കാമുകിയുടെ പരാതിയില്‍ പറയുന്നു.
ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ താരമായ ആന്റണിക്കെതിരായ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ബൊളീവിയയ്ക്കും പെറുവിനുമെതിരായ മത്സരങ്ങളില്‍ ആന്റണി ടീമിന്റെ ഭാഗമാകില്ലെന്ന് കോണ്‍ഫെഡറേഷന്‍ അറിയിച്ചു.
അതേസമയം ആരോപണങ്ങള്‍ തള്ളി ആന്റണി രംഗത്തെത്തിയിട്ടുണ്ട്. സാവോപോളോ പോലീസാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.