മോഹന്‍ലാല്‍ എന്ന നടന്റെ നിഴലാണ് ആന്റണി പെരുമ്പാവൂരെന്ന് നിസംശയം പറയാം. ഊണിലും ഉറക്കത്തിലും മോഹന്‍ലാലിനെ കരുതലോടെ കൊണ്ടുനടക്കുന്ന വ്യക്തിയാണ് ആന്റണി. ഒരു ഡ്രൈവറായി വന്ന ഈ പെരുമ്പാവൂരുകാരന് ഇപ്പോള്‍ ലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന് കൂടിയാണ്. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ലാലുമായുള്ള അടുപ്പത്തെക്കുറിച്ച് അദേഹം വാചാലനായി. ഒപ്പം ശ്രീനിവാസനില്‍ നിന്ന് നേരിടേണ്ടിവന്ന തിക്താനുഭവങ്ങളെക്കുറിച്ചും. ആ സംഭവത്തെപ്പറ്റി ആന്റണി പറയുന്നതിങ്ങനെ-
ലാല്‍ സാറിനെ കളിയാക്കിക്കൊണ്ടു ശ്രീനിവാസന് എഴുതിയ സിനിമയില്‍ ലാല്‍ സാര്‍ അഭിനയിച്ചു. ഒരെതിര്‍പ്പും അദ്ദേഹം പ്രകടിപ്പിച്ചില്ല. എന്തെങ്കിലും വെട്ടിമാറ്റണമെന്നോ അഭിനയിക്കാന്‍ പറ്റില്ലെന്നോ പറഞ്ഞില്ല. ആ സിനിമ നല്ല സിനിമയായിരുന്നു. അതു വിജയിച്ചതോടെ വളരെ മോശമായി വീണ്ടുമൊരു തിരക്കഥയെഴുതി. അതില്‍ ശ്രീനിവാസന്‍തന്നെ നായകനായി അഭിനയിച്ചു. ഷൂട്ടിംഗിനിടയില്‍ ഇതേക്കുറിച്ചു കേട്ടപ്പോള്‍ ഞാന്‍ ക്യാമറാമാന് എസ്.കുമാറിനെയും സംവിധായകനെയും വിളിച്ചു. കുമാറുമായി എനിക്കും ലാല്‍ സാറിനും എത്രയോ കാലത്തെ അടുത്ത ബന്ധമുണ്ട്.
അന്നു വൈകീട്ട് ശ്രീനിവാസന് ചാനലുകളിലെത്തി ആന്റണി പെരുമ്പാവൂര്‍ ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞുകൊണ്ടിരുന്നു. എന്റെപേരുപോലും ഉച്ചരിക്കാനാകില്ല എന്നൊക്കെയാണ് പറഞ്ഞത്. ഫാന്‍സ് അസോസിയേഷന് മാഫിയ എന്നെല്ലാം അധിക്ഷേപിച്ചു. 30 കൊല്ലത്തോളമായുള്ള അടുപ്പമാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ടാല്‍ ‘ആന്റണീ ,ഈകേട്ടതു ശരിയാണോ’ എന്നുചോദിക്കുന്നതിനു പകരം ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞതു എന്തിനാണെന്നു മനസിലാകുന്നില്ല.
ഞാന്‍ ശ്രീനിവാസനെ വിളിക്കാറില്ല, വിളിച്ചിട്ടുമില്ല. ഇതുപോലെ ഒരാളും എന്നെവേദനിപ്പിച്ചിട്ടില്ല. കഴിഞ്ഞുപോയതു പറഞ്ഞിട്ടുകാര്യമില്ല. ആ സിനിമ വിജയിച്ചിരുന്നുവെങ്കില്‍ അതെങ്കിലുമുണ്ടായേനെ. അതുമുണ്ടായില്ല’- ആന്റണി പറഞ്ഞു. ഇപ്പോള്‍ നിര്‍മാണ, അഭിനയരംഗത്തും ആന്റണി പെരുമ്പാവൂര്‍ സജീവമാണ്.