മലയാള സിനിമയുടെ അഭിമാനതാരം മോഹന്‍ലാലിന്റെ സന്തതസഹചാരി എന്ന നിലയിലാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെ മലയാളികള്‍ കാണുന്നത്. ഇപ്പോള്‍ ലാലുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍ തുറന്നു പറയുകയാണ്. ”ആരെന്ത് പറഞ്ഞാലും ഞാന്‍ ആ മനുഷ്യന് വേണ്ടി ജീവിക്കും. ലോകം കാണാന്‍ കൊതിക്കുന്ന ഒരു മനുഷ്യന്റെ നിഴല്‍ ഞാനാണെന്നതില്‍ അഭിമാനിക്കുന്നു. ഞാന്‍ ഡ്രൈവറായ ആന്റണി മാത്രമാണ്. അതിലപ്പുറം ഒന്നും ആകുകയും വേണ്ട. പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന്റെ മുഖത്തോടൊപ്പം പലതവണ ലാല്‍ സാറിന്റെ മുഖം കണ്ടിട്ടുണ്ട്. ഇത് എന്റെ നെഞ്ചില്‍ കൈവെച്ച് പറയുന്നതാണ്. ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. അതാണെനിക്ക് ലാല്‍ സാര്‍. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറും.” ഒരു മലയാളം ആഴ്ചപ്പതിപ്പില്‍ എഴുതിയ ആത്മകഥയിലാണ് ആന്റണി ഇങ്ങനെ പറഞ്ഞത്.
മാഹന്‍ലാല്‍ ചുരുങ്ങിയത് ഒരു വര്‍ഷം ആയിരം കഥകളോളം കേള്‍ക്കാറുണ്ടെന്നും എന്നാല്‍ മൂന്നോ നാലോ സിനിമകളെ ചെയ്യാറുള്ളുവെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു. ചില കഥകള്‍ വേണ്ടാ എന്ന് ലാല്‍സാര്‍ ചിലപ്പോള്‍ പറയാറുണ്ട്. എത്രയോ കഥകള്‍ അദ്ദേഹം നേരിട്ട് കേള്‍ക്കാറുണ്ട്. താന്‍ വേണ്ടെന്ന് പറഞ്ഞാലും നമുക്ക് ചെയ്യാമെന്ന് മോഹന്‍ലാല്‍ പറയാറുെണ്ടന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കുന്നു.എത്ര നല്ല കഥയായാലും ഒരു വര്‍ഷം ഇത്രയധികം സിനിമകളില്‍ അഭിനയിക്കാന്‍ ആകില്ലല്ലോ. അതുകൊണ്ടുതന്നെ അവസരം കിട്ടാത്ത കുറെപ്പേര് ആന്റണിയെ കുറ്റംപറയും. ഞാനാണത് മുടക്കിയതെന്ന് പറയും.
നിര്‍മ്മാതാവ് എന്ന നിലയില്‍ കഥ കേള്‍ക്കാന്‍ എനിക്ക് അര്‍ഹതയില്ലേ പണമിറക്കുന്ന ആള്‍ക്ക് ഒരു സിനിമ വേണോ, വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അര്‍ഹതയുണ്ട്. വേറെ ഏത് നിര്‍മ്മാതാവിന് മുന്നിലും കഥ പറയാം. ആന്റണിക്ക് മുന്നില്‍ പറ്റില്ല എന്ന് പറയുന്നതിന് ഒരു കാര്യമേയുളളൂ. ആന്റണി ഡ്രൈവറായിരുന്നു എന്നത് തന്നെ. ലാല്‍ സാറിന്റെ വിജയപരാജയങ്ങള്‍ അറിയാവുന്ന ഒരാള്‍ എന്ന നിലയില്‍ അദ്ദേഹം ചെയ്യുന്ന സിനിമയുടെ കഥകള്‍ കേള്‍ക്കാന്‍ എനിക്ക് അധികാരമില്ല എന്ന് പറയേണ്ടത് ലാല്‍ സാര്‍ മാത്രമാണ്. ഡ്രൈവര്‍ ആന്റണിയില്‍ നിന്ന് ഇന്നത്തെ ആന്റണി പെരുമ്പാവൂരിലേക്കുള്ള തന്റെ വളര്‍ച്ച മോഹന്‍ലാലിന്റെ ദാനമാണെന്നും കാറിലും ജീവിതത്തിലും പുറകില്‍ അദ്ദേഹമുണ്ടെന്ന ധൈര്യമാണ് ഇവിടം വരെ എത്തിച്ചതെന്നും ആന്റണി തുറന്നു പറയുന്നു.