സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വലംകൈയാണ് അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന ആന്റണി പെരുമ്പാവൂരെന്ന് അറിയാത്തവരില്ല. മുപ്പത് വര്‍ഷമായുള്ള അടുപ്പവും ബന്ധവുമാണ് അവര്‍ തമ്മില്‍. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിന്റെ ഡ്രൈവറായി തുടങ്ങിയ ആന്റണി അദ്ദേഹത്തോടൊപ്പം വളര്‍ന്ന്, ഇന്ന് മലയാള സിനിമയില്‍ നിര്‍ണായക സ്വാധീനമുള്ള വ്യക്തിയായി മാറിയിരിക്കുകയാണ്.
മോഹന്‍ലാലിന്റേതായി പുറത്തിറങ്ങുന്ന നല്ലൊരു ശതമാനം സിനിമകളുടെയും പ്രത്യേകിച്ച് ബിഗ് ബജറ്റ് ചിത്രങ്ങളുടെ പലതിന്റെയും നിര്‍മാണം നിര്‍വഹിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ഒടിയന്റേതുള്പ്പെടെ മോഹന്‍ലാലിന്റെ മിക്ക ചിത്രങ്ങളും ആന്റണിയുടെ സംഭാവനയാണ്.
ഈ സാഹചര്യത്തില്‍ പലര്‍ക്കും ഉണ്ടായിരിക്കുന്ന, അല്ലെങ്കില്‍ നേരത്തെ മുതല്‍ ഉണ്ടായിരുന്ന ഒരു സംശയമുണ്ട്, മോഹന്‍ലാലിന്റെ പണം ഉപയോഗിച്ചാണോ ആന്റണി പെരുമ്പാവൂര്‍ ഈ സിനിമകളെല്ലാം നിര്‍മിക്കുന്നത് എന്നത്. പലരില്‍ നിന്നും ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ അടുത്ത കാലത്ത് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആന്റണി തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയുണ്ടായി. ആന്റണി അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെയാണ്…
മോഹന്‍ലാലിന്റെ പണംകൊണ്ടാണു ആന്റണി സിനിമയെടുക്കുന്നതെന്നാണു പലരുടെയും പരാതി. അങ്ങിനെയല്ല എന്നതാണു സത്യം. പക്ഷെ അങ്ങിനെ ആകണമെന്നുതന്നെയാണു എന്റെ ആഗ്രഹം. മോഹന്‍ലാലിനെപ്പോലെ ഒരു വലിയ മനുഷ്യന് എന്നെ വിശ്വസിച്ചു പണം ഏല്‍പ്പിക്കുന്നു എന്നതിലും വലിയ ബഹുമതിയുണ്ടോ. മോഹന്‍ ലാലിന്റെ പണംകൊണ്ടു നിര്‍മ്മിച്ചാല്‍ എന്താണുകുഴപ്പം.അതു മോഹന്‍ലാലിനെ മാത്രം ബാധിക്കുന്ന കാര്യമല്ലെ.
പുറത്തു നില്‍ക്കുന്നവര്‍ക്ക് അതിലെന്തുകാര്യം. മോഹന്‍ലാല്‍ പപ്പടമോ കംപ്യൂട്ടറോ എന്തു വേണമെങ്കിലും ഉണ്ടാക്കി വില്‍ക്കട്ടെ. അതിനെന്തിനാണു പുറത്തുള്ളവര്‍ അസ്വസ്ഥരാകുന്നത്. അദ്ദേഹത്തിന്റെ പ്രതിഫലം വലുതാണെങ്കില്‍ അതു നല്കാവുന്നവര് സിനിമ നിര്‍മ്മിക്കട്ടെ. പ്രതിഫലം കൂട്ടി മലയാള സിനിമ നശിപ്പിച്ചുവെന്നു പറയുന്ന ഒരാളും എന്റെ പ്രതിഫലം കൂടിപ്പോയി എന്നു പറഞ്ഞു നിര്‍മ്മാതാവിനോ പ്രസാധകനോ ജോലി ചെയ്യുന്ന സ്ഥാനപത്തിനോ തിരിച്ചു കൊടുത്തതായി കേട്ടിട്ടില്ല- ആന്റണി പറയുന്നു