മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയതില് ഹൈക്കോടതി ഉത്തരവിന് എതിരെ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്.
കേസില് വീണ്ടും അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേയാണ് മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്.
കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലില് കൃത്രിമത്വം നടന്നാല് കേസെടുക്കാന് പോലീസിന് അധികാരമില്ലെന്ന വാദം അംഗീകരിച്ചാണ് എഫ്ഐആര് കോടതി റദ്ദാക്കിയത്.
സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്നും നടപടിക്രമങ്ങള് പാലിച്ച് മുന്നോട്ടു പോകുന്നതില് ഉത്തരവ് തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെയാണ് മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. പോലീസ് എഫ്ഐആര് റദ്ദാക്കിയ ഉത്തരവിലെ ഈ ഭാഗം അനുചിതമെന്നാണ് ഹര്ജിയില് വാദിക്കുന്നത്.
ഇതിനെ തനിക്കെതിരേയുള്ള അന്വേഷണമായി മാധ്യമങ്ങള് ചിത്രീകരിക്കുന്നുവെന്നും. തനിക്കെതിരേ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും കേസില് മെറിറ്റുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും അതിനാല് പുനരന്വേഷണം നടത്താമെന്ന ഉത്തരവ് നിലനില്ക്കില്ലെന്നും സുപ്രീം കോടതിയില് നല്കിയ ഹര്ജിയില് ആന്റണി രാജു പറയുന്നു.
നിരാപരാധിയായിട്ടും 33 വര്ഷങ്ങള് ഈ കേസുമായി മുന്നോട്ട് പോകേണ്ടി വന്നു. വീണ്ടും മാനസിക പീഡനമുണ്ടാക്കുന്നതാണ് ഉത്തരവിലെ ഭാഗം. അതിനാല് പൂര്ണ്ണമായി നടപടികള് അവസാനിപ്പിക്കണമെന്നാണ് ഹര്ജിയില് പറയുന്നത്.
അഭിഭാഷകന് ദീപക് പ്രകാശാണ് ആന്റണി രാജുവിനായി ഹര്ജി ഫയല് ചെയ്തത്. എഫ്ഐആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജുവും ബെഞ്ച് ക്ലാര്ക്ക് ജോസും നല്കിയ ഹര്ജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാന് മാര്ച്ചില് ഉത്തരവിട്ടത്.
1990 ഏപ്രിലില് തിരുവനന്തപുരം വിമാനത്താവളത്തില് വച്ച് അടിവസ്ത്രത്തില് മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താന് ശ്രമിച്ചെന്ന കേസില് വിദേശിയെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതിയുടെ അഭിഭാഷകന് ആയിരുന്നു ആന്റണി രാജു. പ്രതിയെ രക്ഷിക്കാന് തൊണ്ടിമുതലായ അണ്ടര്വെയറില് കൃത്രിമത്വം കാണിച്ചെന്നായിരുന്നു കേസ്.