സ്വന്തം ലേഖകൻ
തൃശൂർ: രണ്ടായിരം വർഷങ്ങൾക്കു മുന്പുള്ള ഒരു തീയതി പറഞ്ഞാൽ ദിവസം പറയാമോ. കഴിയുമെന്നു തെളിയിക്കുന്ന ഒരാളുണ്ട് തൃശൂരിൽ. ഏതു വർഷത്തിലെയായാലും തീയതി പറഞ്ഞോളൂ, ദിവസം ഏതാണെന്നു സെക്കൻഡുകൾക്കുള്ളിൽ തൃശൂർ വല്ലച്ചിറ സ്വദേശി ആന്റണി വള്ളൂപ്പാറ പറയും.
രണ്ടായിരം വർഷം മുന്പിലേക്കോ രണ്ടായിരം വർഷം പിന്നിലേക്കോ, ഏതു തീയതി പറഞ്ഞാലും ദിവസം ഏതാണെന്നു വ്യക്തമായി പറഞ്ഞു തരും. യേശു ജനിച്ച ദിവസം എല്ലാവർക്കും അറിയാം, പക്ഷേ, ദിവസം ചോദിച്ചാൽ കുടുങ്ങും. എന്നാൽ ആന്റണി ചേട്ടൻ ദിവസം കൃത്യമായി പറയും. യേശു ജനിച്ചത് ഒരു ഞായറാഴ്ചയാണെന്ന്.
വലിയ കണക്കപ്പിള്ളയൊന്നുമല്ല, കാര്യമായ പഠിപ്പുമില്ല. ജോലി സെക്യൂരിറ്റിയാണ്. ചെന്പൂക്കാവിലാണ് ജോലി. പത്താം ക്ലാസ് പഠിപ്പു മാത്രമേയുള്ളൂ. എന്നിട്ടും എങ്ങനെ സാധിക്കുന്നുവെന്നു ചോദിച്ചാൽ ആന്റണി ചിരിച്ചുകൊണ്ടു പറയും. വെറുതെയിരിക്കുന്പോൾ കലണ്ടർ തീയതിയും ദിവസങ്ങളുമൊക്കെ ഒത്തുനോക്കി പഠിച്ചുനോക്കിയതാ.
അത്ര തന്നെ. ഇപ്പോൾ എത്ര വർഷം മുന്പുള്ള തീയതി പറഞ്ഞാലും ദിവസം കണ്ടെത്താൻ ഒരു പ്രയാസവുമില്ല. എംബിഎ ക്കാർ വരെ തന്നോട് ഇത്തരം കണക്ക് ചോദിച്ച് അത്ഭുതപ്പെടാറുണ്ടെന്ന് ആന്റണി പറയുന്നു.രണ്ടുവർഷം മുന്പാണ് ഈ ഹോബി തുടങ്ങിയത്.
യേശുക്രിസ്തുവിന്റെ ജനനം മുതൽ ഒരു ലക്ഷം കോടി വർഷം വരെ താൻ പോയി നോക്കിയിട്ടുണ്ടെന്നാണ് ആന്റണിയുടെ അവകാശവാദം. ഗിന്നസ് റിക്കാർഡാണ് ലക്ഷ്യം. എവിടെ വച്ചും ആരു ചോദിച്ചാലും ഉത്തരം പറയാൻ റെഡി. ഭാര്യയും രണ്ടു മക്കളുമാണുള്ളത്. അവരും ഈ കഴിവിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ടെന്ന് ആന്റണി പറഞ്ഞു.