20 വയസ് കഴിഞ്ഞപ്പോൾ മോഹൻലാൽ സാറിനടുത്ത് വണ്ടി ഓടിക്കാൻ പോയതാണ് ഞാൻ. ഒരു ഷൂട്ടിംഗ് കഴിഞ്ഞു തിരിച്ചുപോരുമ്പോൾ സാർ, എന്നെ എവിടെയെങ്കിലുംവച്ച് കണ്ടാൽ ഓർക്കുമോ എന്നു ചോദിച്ചു.
എന്താ ആന്റണി അങ്ങനെ ചോദിക്കുന്നത്, നമ്മൾ ഇത്രയും ദിവസത്തെ പരിചയം ഉള്ളവരല്ലേ. തീർച്ചയായും ആന്റണി എന്റെ ഓർമയിൽ ഉണ്ടാകുമെന്ന് പറഞ്ഞു. മോഹൻലാലുമൊത്തുള്ള തന്റെ സൗഹൃദത്തിന്റെ തുടക്ക കാലം ഓർമിച്ച് ആന്റണി പെരുമ്പാവൂർ.
കുറച്ച് നാൾ കഴിഞ്ഞ് ഞാനും സുഹത്തുക്കളും സാറിന്റെ ഷൂട്ടിംഗ് കാണാൻ പോയി. മൂന്നാംമുറയുടെ ഷൂട്ടിംഗാണ്. ആൾക്കൂട്ടത്തിന്റെ ഇടയിൽ ലാൽ സർ എപ്പോഴാണ് എന്നെ കാണുന്നത് എന്ന് നോക്കുമ്പോൾ ലാൽ സർ ആരെയോ കൈ കാണിച്ച് വിളിക്കുന്നു. എന്നെയാണോ വിളിക്കുന്നത്, ഒരു മാസം കഴിഞ്ഞിട്ടും എന്നെ കണ്ടിട്ട് മനസിലായോ എന്ന് ചിന്തിച്ചു.
എന്നെത്തന്നെയാണ് വിളിച്ചത്. ഞാൻ പരിസരം മറന്ന് ഓടി. പ്രൊഡക്ഷൻ മാനേജർമാർ എന്നെ തടയാൻ വന്നപ്പോൾ ലാൽ സാർ പോര് എന്നു പറഞ്ഞു. ആ ഷൂട്ടിംഗ് തീരുന്നതുവരെ ലാൽ സാറിനൊപ്പം നിന്നു. അതു കഴിഞ്ഞ് ആന്റണി എന്റെ കൂടെ പോര് എന്നാണ് ലാൽ സാർ പറഞ്ഞത് എന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു.