കൊച്ചി: നിര്‍മാതാക്കളായ ജി. സുരേഷ്കുമാറും ആന്റണി പെരുമ്പാവൂരും ഉള്‍പ്പെട്ട സിനിമാ തര്‍ക്കം രൂക്ഷമായതോടെ ചലച്ചിത്ര മേഖല ഇരു ചേരിയിയായി തിരിയുന്നു.
വൈസ് പ്രസിഡന്റ് സുരേഷ് കുമാറിനെ ശക്തമായി പിന്തുണച്ചും ആന്റണിയെ വിമര്‍ശിച്ചും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തി. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്, പ്രൊഡ്യൂസേഴ്സ് അസോസിയേഷനു പിന്തുണ പ്രഖ്യാപിച്ചു. ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരനിരയും രംഗത്തെത്തിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാനായി ഫിലി ചേംബറിന്റെ നേതൃത്വത്തിൽ ഈ മാസം 24ന് കൊച്ചിയില്‍ യോഗം ചേരും.
താരങ്ങളുടെ അമിത പ്രതിഫലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അസോസിയേഷനും ഫിയോക്കും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ഫെഫ്കയും ചേര്‍ന്നു വിളിച്ച യോഗം ജൂണ്‍ ഒന്നു മുതല്‍ അനിശ്ചിതകാല സമരം തീരുമാനിച്ചിരുന്നു. താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം, ജിഎസ്ടിക്കൊപ്പം വിനോദനികുതി കൂടി പിരിക്കുന്ന “ഇരട്ട നികുതി’ സമ്പ്രദായം തുടങ്ങിയവയ്ക്കു പരിഹാരം തേടിയാണു സമരം പ്രഖ്യാപിച്ചതെന്നാണ് ഇവരുടെ വാദം.
എന്നാല്‍, സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കും സിനിമാ മേഖലയിലെ സമര പ്രഖ്യാപനത്തിനും എതിരേ ആന്റണി പെരുമ്പാവൂര്‍ രംഗത്ത് വന്നതോടെയാണ് പോര് കടുത്തത്. അദ്ദേഹത്തിന് പിന്തുണയുമായി നടന്മാരായ പൃഥ്വിരാജ്, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, അപര്‍ണ ബാലമുരളി, ഉണ്ണി മുകുന്ദന് എന്നിവരും പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റും ചര്‍ച്ചയായിരുന്നു. ‘നമുക്ക് എന്നും സിനിമയുടെ ഒപ്പം നില്ക്കാം’ എന്നായിരുന്നു ആന്റണിയുടെ പോസ്റ്റ് പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചത്.