തിരുവനന്തപുരം: ഗതാഗതമന്ത്രി സ്ഥാനത്ത് പടി ഇറങ്ങുന്പോൾ ജനങ്ങൾക്ക് നന്ദി പറഞ്ഞ് മന്ത്രി ആന്റണി രാജു.
ഇന്നലെ വരെയുള്ള മുഴുവൻ ശമ്പളവും ജീവനക്കാർക്ക് നൽകിയാണ് മന്ത്രിസ്ഥാനത്ത് നിന്നിറങ്ങുന്നത്. അതിൽ ചാരിതാർത്ഥ്യമുണ്ട് ഇപ്പോൾ ഒരു രൂപ പോലും കെഎസ്ആർടിസിയിൽ ശന്പള കുടിശികയില്ലെന്നും ആന്റണി രാജു പറഞ്ഞു.
നവംബർ 19ന് തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നതാണ്. എന്നാൽ നവകേരള സദസ് നടക്കുന്നത് കൊണ്ടാകണം മന്ത്രിസ്ഥാനത്ത് തുടരാൻ മുഖ്യമന്ത്രിയും എൽഡിഎഫും ആവശ്യപ്പെട്ടതെന്ന് ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ നവകേരള സദസിന്റെ സമാപന ദിനത്തിൽ അധ്യക്ഷനാകാനുള്ള അവസരം തനിക്ക് നൽകിയതിൽ ഒരുപാട് നന്ദി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ടര വർഷം മന്ത്രി ആയിരിക്കാനായിരുന്നു എൽഡിഎഫ് ധാരണ. കഴിഞ്ഞ രണ്ടര വർഷക്കാലം നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ രാജി സമർപ്പിച്ച ശേഷമായിരുന്നു പ്രതികരണം.
സെക്രട്ടറിയേറ്റ് ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിന്റെ എംഎൽഎ ആയിത്തന്നെ ജനങ്ങളോടൊപ്പം ഇവിടെയുണ്ട്. എംഎൽഎ എന്ന നിലയിൽ കൂടുതൽ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനുള്ള അവസരമാണ് ഇനി മുന്നിലുള്ളതെന്ന് ആന്റണി രാജു വ്യക്തമാക്കി.
ഇന്നലെ വരെയുള്ള മുഴുവൻ ശമ്പളവും ജീവനക്കാർക്ക് നൽകി. അതിൽ ചാരുതാർത്ഥ്യമുണ്ട്. ഒരു രൂപ പോലും കെഎസ്ആർടിസിയിൽ ശമ്പള കുടിശികയില്ല. കെഎസ്ആർടിസി പൊതുഗതാഗതമെന്ന നിലയിൽ ലാഭമുണ്ടാക്കുകയല്ല ലക്ഷ്യം. അത് പൊതുജനസേവനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആന്റണി രാജുവിനും അഹമ്മദ് ദേവർ കോവിലിനും പകരം ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിസഭയിലെത്തുക. ഈ മാസം 29ന് സത്യപ്രതിഞ്ജ നടത്തുമെന്നാണ് വിവരം.