കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ ഒരു മാസത്തേക്ക് എല്ലാ തുടർനടപടികളും ഹൈക്കോടതി തടഞ്ഞു.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് കോടതി ഫയലിൽ സ്വീകരിച്ചു.
കേസിൽ പോലീസിനു നേരിട്ട് കേസെടുക്കാൻ അധികാരമില്ലെന്ന വാദവുമായിട്ടായിരുന്നു മന്ത്രി ആന്റണി രാജു കോടതിയെ സമീപിച്ചത് .
കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടി മുതലിൽ കൃത്രിമം കാട്ടിയെന്ന് പരാതിയുണ്ടെങ്കിൽ മജിസ്ട്രേട്ട് കോടതിക്ക് പരാതി നൽകണം.
മജിസ്ട്രേട്ട് കോടതിയാണ് നടപടിയെടുക്കേണ്ടത്. മറിച്ച് പോലീസിനു നേരിട്ട് കേസെടുക്കാൻ നിയമപരമായി അധികാരമില്ലെന്നു ഹർജിയിൽ പറയുന്നു.
തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന ആരോപണത്തെത്തുടർന്ന് ഹൈക്കോടതിയുടെ ഭരണവിഭാഗത്തിന്റെ നിർദ്ദേശ പ്രകാരം കോടതിയുടെ ശിരസ്തദാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വലിയതുറ പോലീസ് കേസെടുത്തത്.
പോലീസിന് ഇത്തരത്തിൽ കേസെടുക്കാൻ കഴിയില്ലെന്നാണ് മന്ത്രി ഉന്നയിക്കുന്നത്.കേസിൽ കുറ്റപത്രം സമർപ്പിച്ച് വർഷം 16 കഴിഞ്ഞിട്ടും വിചാരണ തുടങ്ങാത്തതു ചൂണ്ടികാട്ടി തൃശൂർ സ്വദേശി ജോർജ് വട്ടുകളം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേസ് ഇങ്ങനെ
അടിവസ്ത്രത്തിൽ ലഹരിമരുന്നൊളിപ്പിച്ചു കടത്തിയ ഓസ്ട്രേലിയൻ പൗരനായ സാൽവദോറിനെ 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം എയർപോർട്ടിൽ പിടികൂടിയതാണ് കേസിനാസ്പദമായ സംഭവം.
മയക്കു മരുന്നു കേസിൽ ഇയാളെ വഞ്ചിയൂർ സെഷൻസ് കോടതി പത്തു വർഷം തടവിനു ശിക്ഷിച്ചു. ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ പ്രതിയെ വെറുതേവിട്ടു.
തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്കു പാകമല്ലെന്ന വാദം ശരിവച്ചായിരുന്നു വെറുതേ വിട്ടത്.പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതിയിലെ തൊണ്ടി ക്ലാർക്കിനെ സ്വാധീനിച്ച് അടിവസ്ത്രത്തിൽ മാറ്റം വരുത്തി പ്രതിയെ രക്ഷിച്ചതാണെന്ന് പിന്നീടു കണ്ടെത്തി.
കോടതി ജീവനക്കാരൻ ജോസ്, ആന്റണി രാജു എന്നിവർക്കെതിരേ 2006 മാർച്ച് 24 നു കുറ്റപത്രം നൽകി. എട്ടു വർഷത്തോളം കുറ്റപത്രത്തിൽ നടപടിയുണ്ടായില്ല. 2014 ൽ കേസ് നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിക്ക് കൈമാറിയെങ്കിലും വിചാരണ തുടങ്ങിയിട്ടില്ല.