കോടാലി: മറ്റത്തൂർ പഞ്ചായത്തിലെ വ്യാപാര സിരാ കേന്ദ്രമായ കേടാലി ടൗണിൽ കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതിനെതിരെ സാമൂഹിക പ്രവർത്തകൻ ആന്റു ചെമ്മിഞ്ചേരി നടത്തിയ ഒറ്റയാൾ പ്രതിഷേധസമരം ഫലം കണ്ടു. വാട്ടർ അഥോറിറ്റി അധികൃതർ ഇടപെട്ട് പൈപ്പ് നന്നാക്കി പ്രശ്നം പരിഹരിച്ചു.
കോടാലി ടൗണിന്റെ ഹൃദയഭാഗത്ത് ടൈൽ വിരിച്ച് നവീകരിച്ച റോഡിലാണ് പൈപ്പ് പൊട്ടി വെള്ളം ചോർന്നൊഴുകിയിരുന്നത്. ഒരു മാസത്തോളം ഇങ്ങനെ വെള്ളം ചോർന്നൊഴുകിയിട്ടും ചോർച്ച അടക്കാത്തതിൽ നടപടിയില്ലാതായപ്പോഴാണ് പ്രദേശവാസിയായ ആന്റു ഒറ്റയാൾ പ്രതിഷേധവുമായി റോഡിലിറങ്ങിയത്.
കുടിവെള്ളം പാഴാകുന്നതിനോടൊപ്പം റോഡ് നശിക്കാനും ചോർച്ച കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഇതേ തുടർന്നാണ് വാട്ടർ അഥോറിറ്റി അധികൃതർ ഇടപെട്ട് റോഡിലെ ടൈൽ ഇളക്കി മാറ്റി പൈപ്പിന്റെ ചോർച്ച പരിഹരിച്ചത്.