ഷിജീഷ് യു.കെ
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി വിരലിലെണ്ണാവുന്ന ചിത്രങ്ങളിലാണ് അനു ഇമ്മാനുവൽ അഭിനയിച്ചിട്ടുള്ളത്. എന്നാൽ മൂന്ന് ഇൻഡസ്ട്രിയിലും അനുവിന് ആരാധകരേറെയാണ്. ജയറാമിന്റെ സ്വപ്നസഞ്ചാരി എന്ന ചിത്രത്തിൽ ബാലതാരമായി കാമറയ്ക്കു മുന്നിലെത്തിയ ഈ യുവതാരം പിന്നീട് ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളിയുടെ നായികയായിട്ടാണ് എത്തുന്നത്. അതിനു പിന്നാലെ തെലുങ്കിൽ നിറയെ ചിത്രങ്ങളാണ് അനുവിനായി കാത്തിരുന്നത്. അതുകൊണ്ടു തന്നെ അഭിനയത്തിരക്കുമൂലം മറ്റൊരു മലയാള ചിത്രത്തിലൂടെ അനുവിനെ പ്രേക്ഷകർ കണ്ടിട്ടുമില്ല.
വിശാൽ ചിത്രം തുപ്പരിവാലനിലൂടെ തമിഴകത്തും ശ്രദ്ധ നേടിയ അനു നമ്മ വീട്ടുപിള്ളയിലൂടെ ശിവകാർത്തികേയന്റെ നായികയായും തിളങ്ങി. അതുകൊണ്ടു തന്നെ മൈലാഞ്ചിപ്പൊണ്ണ് എന്നാണ് തമിഴ് മക്കൾ അനുവിനെ സ്നേഹത്തോടെ വിളിക്കുന്നത്…
ഒത്തിരി വിശേഷങ്ങൾ
തമിഴിൽ നല്ലൊരു ചിത്രത്തിനുവേണ്ടി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. നമ്മ വീട്ടുപിള്ളയിലൂടെ അതു സഫലമായി. പാണ്ഡ്യരാജ്- ശിവകാർത്തികേയൻ കോന്പിനേഷനിലൊരു ചിത്രം എന്നെപ്പോലൊരു തുടക്കക്കാരിയുടെ മഹാഭാഗ്യമാണ്. ഒപ്പം അഭിനയിച്ച ശിവകാർത്തികേയനും ഐശ്വര്യ രാജേഷും കൂട്ടുകാരെപ്പോലെ സ്നേഹത്തോടെയാണ് ഇടപഴകിയത്. സിനിമ പുറത്തിറങ്ങിയിട്ടും മനസുകൊണ്ട് ഞാനിപ്പോഴും നമ്മ വീട്ടുപിള്ളയുടെ ലൊക്കേഷനിൽ തന്നെ നിൽക്കുകയാണ്.
കുടുംബ ചരിത്രം
മലയാളിയെങ്കിലും ഞാൻ ജനിച്ചതും ഹൈസ്കൂൾ വിദ്യാഭ്യാസം വരെ വളർന്നതും അമേരിക്കയിലായിരുന്നു. ചെറുപ്പം മുതലേ സിനിമയോടു താൽപര്യമുണ്ട്. ഭാഷ അറിയില്ലെങ്കിലും എല്ലാ വെള്ളിയാഴ്ചയും തിയറ്ററിൽ പോയി സിനിമ കാണും. മലയാളം, തമിഴ് സിനിമകളാണു കൂടുതൽ കാണുക.
ഡാഡി നിർമ്മാതാവ് ആണെങ്കിലും അദ്ദേഹത്തിന്റെ മേൽവിലാസം ഇല്ലാതെ സിനിമയിൽ നിൽക്കണം എന്നാണ് ഞാൻ ആഗ്രഹിച്ചിട്ടുള്ളത്. കോളജ് കാലത്താണ് ഞാൻ മോഡലിംഗ് ചെയ്യാൻ തുടങ്ങുന്നത്. മോഡലിംഗിൽനിന്ന് സിനിമയിലേക്ക് എന്തു ദൂരമുണ്ടെന്ന് എനിക്കും അറിയില്ലായിരുന്നു. എങ്കിലും ആക്ട്രസാവാൻ ആത്മാർഥമായി ഞാൻ ആഗ്രഹിച്ചു. അതാണ് ഭാഷാ വ്യത്യാസമില്ലാതെ സിനിമ ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നതും.
അങ്ങനെ സ്വപ്ന സഞ്ചാരി
സൈക്കോളജിയിൽ ഒന്നാം വർഷം ബിരുദം ചെയ്യുന്പോഴാണ് കമൽസർ സ്വപ്നസഞ്ചാരിയിലേക്കു വിളിക്കുന്നത്. ജയറാമേട്ടനും സംവൃതചേച്ചിക്കുമൊപ്പം നല്ലൊരു കഥാപാത്രം. അഭിനയത്തെക്കുറിച്ച് അന്ന് ഒരു ധാരണയുമില്ല. അഞ്ചു മിനിട്ടു മാത്രമുള്ള റോളിന് അര മണിക്കൂർ അഭിനയിച്ചാൽ മതി എന്നാണു വിചാരം. പക്ഷേ, ഷോട്ടിന്റെ സമയത്തു ശരിക്കും ബുദ്ധിമുട്ടി. ഇനി പഠനം പൂർത്തിയായിട്ടു മതി അഭിനയം എന്നായി രക്ഷിതാക്കൾ. അങ്ങനെ സ്വപ്നസഞ്ചാരി മധുരതരമായ അനുഭവമായി മനസിൽ സൂക്ഷിച്ച് ഞാൻ വീണ്ടും പഠനത്തിൽ വ്യാപൃതയായി.
ആക്ഷൻ ഹീറോ അനു
ഡിഗ്രി കഴിഞ്ഞതോടെ വീണ്ടും ഓഫറുകൾ വന്നു തുടങ്ങി. നിവിൻപോളിയുടെ നായികയായി ആക്ഷൻ ഹീറോ ബിജുവാണ് ആദ്യം ചെയ്തത്. തുടർന്നു തെലുങ്കിൽ ചെയ്ത മജ്നുവും ഹിറ്റായി. തമിഴിൽ തുപ്പരിവാളൻകൂടി ഇറങ്ങിയതോടെ തെന്നിന്ത്യയിൽ മേൽവിലാസവും ലഭിച്ചു. തെലുങ്കിലാണു കൂടുതൽ ചിത്രങ്ങൾ ചെയ്്തത്. തമിഴും മലയാളവും വേണ്ടെന്നു വയ്ക്കുകയാണോ എന്നു ചിലർ ചോദിക്കാറുണ്ട്. മലയാളത്തിൽ നല്ല വേഷങ്ങൾ ചെയ്യാനാണ് ആഗ്രഹം. പക്ഷേ, മനസ് ആഗ്രഹിക്കുന്നതുപോലത്തെ കഥാപാത്രങ്ങൾ വരുന്നത് തെലുങ്കിൽനിന്നാണെന്നു മാത്രം.
അഭിനയം ഒരുപോലെ
ഭാഷ മാറുന്നുണ്ടെന്നേയുള്ളു അഭിനയം എല്ലായിടത്തും ഒരുപോലെയാണ്. നല്ല കഥാപാത്രങ്ങൾ, നായകൻ, സംവിധായകൻ എന്നിവയെല്ലാം നോക്കിയാണ് ഒാരോ ചിത്രവും തെരഞ്ഞെടുക്കുന്നത്. എങ്കിലും സ്ക്രിപ്റ്റിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഞാൻ തെരഞ്ഞെടുക്കുന്ന കഥയും കഥാപാത്രവും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമോ എന്നു മാത്രമാണ് ഓരോ സിനിമ വരുന്പോഴും ചിന്തിക്കുക. ഇതുവരെ യുള്ള അനുഭവത്തിൽനിന്നും ഭാഷകളിൽ ഏറ്റവും എളുപ്പമായി തോന്നിയതു തെലുങ്കാണ്.