പ്രത്യേക ലേഖകൻ
ന്യൂഡൽഹി: മലയാളി ഐഎഎഎസ് ഉദ്യോഗസ്ഥ അനു ജോർജിനെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സെക്രട്ടറിയായി നിയമിച്ചു.
പാലാ പൂവരണി മുണ്ടമറ്റം കുടുംബാംഗമായ അനു തമിഴ്നാട് കേഡറിലെ 2003 ബാച്ച് ഉദ്യോഗസ്ഥയാണ്.
അഖിലേന്ത്യാ തലത്തിൽ 25-ാം റാങ്കോടെ സിവിൽ സർവീസ് പാസായ അനു തമിഴനാട് കേഡർ സെലക്ട് ചെയ്യുകയായിരുന്നു.
തമിഴ്നാട്ടിൽ വ്യവസായ കമ്മീഷണറും വ്യവസായ, വാണിജ്യ ഡയറക്ടറുമായിരുന്നു.
ഡൽഹി ജെഎൻയുവിൽ നിന്ന് സോഷ്യോളജിയിൽ എംഎയും എംഎഫിലും പാസായ ശേഷമാണു സിവിൽ സർവീസിൽ ചേർന്നത്.
രണ്ടു വർഷം മുന്പ് ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് ഉന്നതബിരുദവും നേടി.
ചെറുപ്പത്തിൽ ഓങ്കോളജിസ്റ്റ് ആകാൻ ആഗ്രഹിച്ചെങ്കിലും ഡൽഹി ജെഎൻയുവിലെ പഠനമാണ് സിവിൽ സർവീസിലേക്ക് ആകർഷിച്ചതെന്ന് അനു ദീപികയോടു പറഞ്ഞു.
നിലന്പൂർ ഫാത്തിമ മാതാ സ്കൂൾ മുതൽ എല്ലാ ക്ലാസുകളിലും ഉയർന്ന റാങ്കോടെ പാസായ അനു സിവിൽ സർവീസിലെത്തി തിളങ്ങി.
തിരുവനന്തപുരം വിമൻസ് കോളജിൽ നിന്നാണ് പ്രീഡിഗ്രിയും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡിഗ്രിയും പാസായത്.
ചെന്നൈയിൽ താമസമാക്കിയ പാലാ വടക്കൻ കുടുംബാംഗവും ഐടി പ്രഫഷണലുമായ എൻജിനിയർ തോമസ് ജോസഫ് ആണ് ഭർത്താവ്.
ആദിത്യ ജോ തോമസ്, ടെസ് മരിയ തോമസ് എന്നിവരാണ് മക്കൾ. പ്ലാന്ററായ പൈക മുണ്ടമറ്റം ജോർജ് തോമസിന്റെയും ആലക്കോട് മേവിട വത്സയുടെയും മകളാണ്.