പിറവം: എൻസിസി കേഡറ്റുകൾ ഇവിടെ സാമൂഹ്യ സേവനത്തിനുപരി അശരണർക്ക് ആശ്രയമാവുകയാണ്. പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ എൻസിസി കേഡറ്റുകൾ നടപ്പിലാക്കുന്ന സാമൂഹ്യ പ്രവർത്തനങ്ങൾ നാടിന് മാതൃകയാണ്. ഏറ്റവുമൊടുവിലായി സ്കൂളിലെ പൂർവ വിദ്യാർഥിക്ക് വീട് നിർമിച്ച് നൽകിയാണ് അഭിമായത്.
പൂർവ വിദ്യാർഥിനിയായിരുന്ന കക്കാട് കുരിക്കാട്ടുമലയിൽ അനു വർഗീസിനാണ് കുട്ടികൾ ചേർന്ന് കൈകോർത്ത് പാർപ്പിടം നിർമിച്ച് നൽകിയത്. അനുവിന്റെ സ്വപ്നഭവനമാണ് ഇതിലൂടെ യാഥാർഥ്യമായത്. നിർധനരായ അനുവിന്റെ മാതാവും പിതാവും, മൂന്ന് സഹോദരങ്ങളും, മുത്തഛനും, മുത്തശ്ശിയുമടങ്ങുന്ന കുടുംബം പ്ലാസ്റ്റിക് ഷീറ്റ് മേൽക്കൂരയായി വലിച്ചുകെട്ടിയ ഷെഡിലാണ് കഴിഞ്ഞുവന്നിരുന്നത്.
ഇവരുടെ ദൂരിത പൂർണമായ ജീവിതം നേരിൽകണ്ടറിഞ്ഞ എൻസിസി കേഡറ്റുകൾ വിവരം എൻസിസി ഓഫീസർ പി.പി. ബാബുവിനെ അറിയിച്ചിരുന്നു. അദ്ദേഹം നേരിൽ കണ്ട് മനസിലാക്കി കുടുംബത്തിന് സഹായ ഹസ്തവുമായി കേഡറ്റുമാരേയും കൂടെ കൂട്ടുകയായിരുന്നു.
സ്കൂളിലെ പ്രധാന അധ്യാപകൻ ദാനിയേൽ തോമസും മറ്റു അധ്യാപകരും, വിദ്യാർഥികളും, രക്ഷിതാക്കളും പൂർവവിദ്യാർഥികളുമെല്ലാം സഹായഹസ്തവുമായി രംഗത്തെത്തി. വീട് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ എൻസിസി കേഡറ്റുകൾ പങ്കാളികളായിരുന്നു. വീടിന്റെ മേൽത്തട്ട് വാർക്കയ്ക്ക് സജീവമായി ഇവർ പങ്കെടുത്തിരുന്നു.
കേഡറ്റുകൾ ഏഴ് ലക്ഷം രൂപയാണ് വീടിനായി സമാഹരിച്ചത്. 850 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള വീടിന്റെ പണികൾ മുഴുവൻ പൂർത്തിയാക്കിയാണ് കൈമാറിയത്. സ്കൂളിലെ എൻസിസി കേഡറ്റകളുടെ നേതൃത്വത്തിൽ നേരത്തെ മഴക്കാല രോഗങ്ങൾ പ്രതിരോധിക്കാൻ നഗരസഭ അതിർത്തിയിലെ അഞ്ച് കോളനികൾ സ്ഥിതി ചെയ്യുന്ന പ്രദേശം ശുചീകരിച്ച് കൊതുകു നിവാരണ പ്രവർത്തനം നടത്തിയിരുന്നു.
കൂടാതെ പിറവം താലൂക്ക് ആശുപത്രിയിലേക്ത് 30 കിടക്കകൾ നൽകുകയും ചെയ്തിരുന്നു. പാലിയേറ്റീവ് കെയർ, വൃദ്ധ സദനങ്ങൾ എന്നിവ സന്ദർശിച്ച് സഹായങ്ങളും നൽകി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ എൻസിസി കേഡറ്റുകൾ മാതൃകയാവുകയാണ്.സ്കൂളിലെ എൻസിസി ഓഫീസർ പി.പി. ബാബുവിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത്. സ്കൂളിലെ കായിക അധ്യാപകനും കൂടിയായ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാവുകയാണ്.
വീടിന്റെ താക്കോൽ മലങ്കര കത്തോലിക്ക സഭ മുവാറ്റുപുഴ രൂപത ബിഷപ്പ് ഡോ. എബ്രാഹം മാർ യൂലിയോസ് കൈമാറി. കോർപ്പറേറ്റ് മാനേജർ മോണ്‍. വർഗീസ് കുന്നുംപുറം, ലോക്കൽ മാനേജർ തോമസ് ആറ്റുമാലിൽ, നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ്, വൈസ് ചെയർപേഴ്സണ്‍ അന്നമ്മ ഡോമി, കൗണ്‍സിലർമാരായ ഡോ. അജേഷ് മനോഹർ, ജിൽസ് പെരിയപ്പുറം, സിജി സുകുമാരൻ, മെബിൻ ബേബി, മുകേഷ് തങ്കപ്പൻ, ഐഷ മാധവൻ, സോജൻ ജോർജ്, തന്പി പുതുവാക്കുന്നേൽ, ഉണ്ണി വല്ലയിൽസ കെ.ആർ. ശശി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി.എ. സന്തോഷ്, പ്രധാന അധ്യാപകൻ ദാനിയേൽ തോമസ്, ബെന്നി ജോസ്, എ.എം. ലില്ലി, റോഷ്നി പി. ജോർജ്, പി.സി. വർഗീസ് എന്നിവർ പ്രസംഗിച്ചു.