കോഴിക്കോട്: പേരാമ്പ്രയില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുജീബ് റഹ്മാന് ബലാത്സംഗ കേസിലെ ഒന്നാം പ്രതി. 2020 സെപ്റ്റംബറിലാണ് കോഴിക്കോട് മുത്തേരിയില്‍ വയോധികയെ ബലാത്സംഗം ചെയ്ത ശേഷം കവര്‍ച്ച നടത്തിയത്.
മോഷ്ടിച്ച ഓട്ടോയില്‍ എത്തിയ പ്രതി വയോധികയെ വാഹനത്തില്‍ കയറ്റിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ വയോധികയുടെ കൈയിലുണ്ടായിരുന്ന പണവുമായി ഇയാള്‍ കടന്നുകളഞ്ഞു.
എന്നാൽ റിമാന്‍ഡിലിരിക്കെ ഇയാള്‍ കോവിഡ് സെന്ററില്‍നിന്ന് കടന്നുകളയുകയായിരുന്നു.പിന്നീട് മുക്കം പോലീസ് ഭാര്യവീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പേരാമ്പ്ര വാളൂരില്‍ കുറങ്കുടി മീത്തല്‍ അനുവിനെ കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ രീതിയാണ് പോലീസിനെ പ്രതിയിലേക്ക് എത്തിച്ചത്.
ഭര്‍ത്താവിന് അടുത്തെത്താന്‍ വഴിയില്‍ വാഹനം കാത്തുനിന്ന അനുവിനെ ഇയാള്‍ ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റുകയായിരുന്നു. മറ്റ് വാഹനങ്ങള്‍ കിട്ടാതിരുന്ന സാഹചര്യത്തില്‍ ഇവര്‍ ബൈക്കില്‍ കയറി.
തോടിന് സമീപത്തുവച്ച് ബൈക്ക് നിര്‍ത്തിയ പ്രതി അനുവിനെ തോട്ടില്‍ മുക്കി കൊലപ്പെടുത്തി. പിന്നീട് ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ അഴിച്ചെടുത്ത ശേഷം രക്ഷപെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മട്ടന്നൂരില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി വരുമ്പോഴാണ് ഇയാള്‍ കൊല നടത്തിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു