മംഗലംഡാം: കാഴ്ച ശക്തി നഷ്ടപ്പെട്ട് ജീവിതം വഴി മുട്ടിയ കൂട്ടുകാരിക്ക് കാഴ്ച നൽകി സഹപാഠികൾ. മംഗലംഡാം ലൂർദ്ദ് മാതാഹയർ സെക്കൻഡറി സ്കൂളിലെ 2002 എസ് എസ് എൽ സി ബാച്ചുക്കാരാണ് സഹപാഠിയായിരുന്ന അനുവിന് താങ്ങായത്. 2012ൽ പനിയെ തുടർന്നുള്ള ചികിത്സയിലായിരുന്നു അനുവിന്റെ രണ്ട് കണ്ണുകളുടെയും കാഴ്ച ഇല്ലാതായത്.
സാന്പത്തിക ഞെരുക്കത്തിൽ കണ്ണിന്റെ ചികിത്സ നടത്താൻ കഴിഞ്ഞതുമില്ല. നേഴ്സിങ്ങ് പഠനം കഴിഞ്ഞിട്ടുള്ള അനുവിന് കാഴ്ച ശേഷി നഷ്ടമായത് ജോലിക്കും പ്രശ്നമായി.ഇതോടെ രണ്ട് പിഞ്ചു കുട്ടികളുടെ അമ്മയായ അനുവിന്റെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാക്കി.
ഇതിനിടെയാണ് കഴിഞ്ഞ വർഷം 2002 ലെ എസ് എസ് എൽ സി ബാച്ചുകാർ സ്കൂളിൽ ഒത്തുകൂടിയത്.കൂട്ടായ്മയിൽ അനുവിന്റെ അസാന്നിധ്യം സഹപാഠികളെല്ലാം തിരക്കി. അങ്ങനെയാണ് വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്ത് താമസമുള്ള അനുവിന്റെ കഷ്ടപ്പാടും വേദനയും കൂട്ടുക്കാർ അറിയുന്നത്.
വിവരങ്ങൾ അന്വേഷിച്ച് കോയന്പരത്തൂരിലുള്ള കണ്ണാശുപത്രിയിൽ ചികിത്സക്കുള്ള സൗകര്യമൊരുക്കി.ജിന്റോ നെല്ലിശ്ശേരി, പി.സി.അജിത്ത്, സി.കെ.വിപിൻ എന്നിവരുടെ നേതൃത്വത്തിൽ ചികിത്സക്ക് വരുന്ന ഒന്നര ലക്ഷം രൂപയും സമാഹരിച്ചു.
സഹപാഠികളുടെ സന്മനസ്സിന് നിറകണ്ണുകളോടെയാണ് അനു നന്ദി പറഞ്ഞത്. കാരുണ്യ പ്രവൃത്തിക്ക് നേതൃത്വം നൽകിയ 2002 എസ് എസ് എൽ സി ബാച്ചുക്കാരെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൽഫി തെരേസ് ,പിടിഎ പ്രസിഡന്റ് ഐ.സിദ്ദിക് എന്നിവർ അനുമോദിച്ചു.
അനുവിന് നല്ല ജോലി തരപ്പെടുത്താനുള്ള ശ്രമത്തിലാണ് സഹപാഠികൾ . ഗെയ്റ്റിനു മനോഹരകവാടം നിർമ്മിച്ചും ഈ ബാച്ചുക്കാർ മാതൃകയായിരുന്നു.