ഓറഞ്ച് വിൽക്കുന്ന ഭിന്നശേഷിക്കാരാനായ യുവാവിന്റെ വീഡിയോ വൈറലാകുന്നു. അനു എന്ന യുവാവാണ് വഴിയരികിലിരുന്ന ഓറഞ്ച് വില്‍ക്കുന്നത്. യൂട്യൂബറായ തിബറ്റൻ സ്വദേശി ടെഡ് കുന്ചോക്കാണ് വീഡിയോ പങ്കുവച്ചത്.
ഒരു മലഞ്ചെരുവിലേക്ക് യാത്രപോയതായിരുന്നു കുന്ചോക്. വഴിയരികില്‍ പഴങ്ങള്‍ വില്‍ക്കുന്നയാളെ കണ്ട് വണ്ടി നിര്‍ത്തുന്നതോടെയാണ് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ തുടക്കം.
എങ്ങനെയുണ്ട് ബിസിനസെന്നും എന്തുകൊണ്ടാണ് പഴങ്ങള്‍ വില്‍ക്കുന്നതെന്നും യൂട്യൂബര്‍ ചോദിച്ചറിഞ്ഞു.
സുഖമില്ലാത്ത അമ്മയെ പരിചരിക്കുന്നതിനുവേണ്ടിയാണ് താന്‍ പഴങ്ങള്‍ വില്‍ക്കുന്നതെന്നും കോവിഡ് കാരണം ആരും വരാത്തതിനാല്‍ പഴങ്ങള്‍ വിറ്റുപോകുന്നില്ലെന്നും അനു വ്യക്തമാക്കി.
ഒരു കവറിൽ തൂക്കി വച്ചിരിക്കുന്ന ഓറഞ്ച് 100 രൂപയ്ക്കാണ് വിൽക്കുന്നത്. ഒരു കവർ ഓറഞ്ച് ചോദിച്ച ടെഡിനോട് തന്റെ ഓറഞ്ച് മുഴുവന്‍ വാങ്ങാന്‍ കഴിയുമോയെന്ന് അനു ചോദിക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും.
പഴങ്ങള്‍ മുഴുവന്‍ വാങ്ങിയ യൂട്യൂബര്‍ അധികം പണവും അനുവിന് നല്കി.
തിരികെ ഒരു കവർ ഓറഞ്ച് നൽകിയെങ്കിലും അനു അത് വാങ്ങിയില്ല. യൂട്യൂബർ നിർബന്ധിച്ചാണ് ഒരു കവർ അനുവിന് നൽകിയത്.
യൂട്യൂബർ നൽകിയ പണം അനു തലയിൽ തൊട്ട് വന്ദിക്കുന്നതും വീഡിയോയിൽ കാണാം. 13 ലക്ഷത്തിലധികം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടത്.