തൊടുപുഴ: ബഹിരാകാശത്തെ വിസ്മയങ്ങൾ കൗതുകത്തോടെ നോക്കിക്കണ്ട മിടുക്കിക്കു മുന്നിൽ ശാസ്ത്ര ലോകം മിഴി തുറന്നു. യുവശാസ്ത്ര പ്രതിഭകൾക്കായി വിക്രം സാരാഭായ് സ്പേസ് സെന്റർ ഒരുക്കുന്ന പഠനക്യാന്പിലേക്ക് കേരളത്തിൽ നിന്നുള്ള മൂന്നു പ്രതിനിധികളിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട പൂച്ചപ്ര ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ അനുഗ്രഹ അനീഷിനാണ് അസുലഭ ഭാഗ്യം ലഭിച്ചത്.
29 സംസ്ഥാനങ്ങളിലെയും ഏഴു കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സ്കൂളുകളിൽ നിന്നാണ് 110 യുവ ശാസ്ത്ര പ്രതിഭകളെ ഐഎസ്ആർഒയുടെ പഠനക്യാന്പിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ ഗണത്തിൽ കേരളത്തിൽ നിന്നുള്ള ഏക പെണ്‍കുട്ടിയാണ് അനുഗ്രഹ. നാലാം ക്ലാസ് മുതൽ സ്കൂൾ ശാസ്ത്ര മേളകളിലും ശാസ്ത്ര കോണ്‍ഗ്രസുകളിലും മികവുറ്റ പ്രകടനം കാഴ്ച വച്ചതിന്റെ അടിസ്ഥാനത്തിലാണ് അനുഗ്രഹയെ തേടി ഈ അംഗീകാരം എത്തിയത്.
തിരുവനന്തപുരത്തു നടന്ന സംസ്ഥാന ബയോ ഡൈവേഴ്സിറ്റി കോണ്‍ഗ്രസ്, എനർജി മാനേജ്മെന്റ് സെമിനാർ തുടങ്ങിയവയിൽ അനുഗ്രഹ അവതരിപ്പിച്ച പ്രോജക്ടുകൾ ഒന്നാമതെത്തിയിരുന്നു. കൂടാതെ സംസ്ഥാന, ജില്ലാ ശാസ്ത്രമേളകളിലും അനുഗ്രഹയുടെ ശാസ്ത്ര ലോകത്തെ പരീക്ഷണങ്ങൾ ശ്രദ്ധ നേടിയിരുന്നു.
കോഴിക്കോട് വാട്ടർ റിസോഴ്സ് ഡവല്പമെന്റ് അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സെമിനാറിലും ഈ യുവ പ്രതിഭ പ്രബന്ധങ്ങൾ അവതരിപ്പിച്ച് പ്രശംസ നേടി. ടാക്സി ഡ്രൈവറായ പൂച്ചപ്ര മാളിയേക്കൽ അനീഷ് കുമാറിന്റെയും മൂവാറ്റുപുഴയിൽ ഇറിഗേഷൻ വകുപ്പിലെ ജീവനക്കാരി ശാലിനിയുടെയും മൂത്ത മകളാണ് അനുഗ്രഹ. ഇതോടൊപ്പം പഠനത്തിലും മറ്റു പാഠ്യേതര വിഷയങ്ങളിലും അനുഗ്രഹ ഏറെ മുന്‍പിലാണ്. കേന്ദ്ര സർക്കാരിന്റെ വിഷൻ ജയ് വിജ്ഞാൻ, ജയ് അനുശാന്തൻ എന്ന പദ്ധതിയുടെ ഭാഗമായാണ് ഐഎസ്ആർഒ പഠനക്യാന്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ക്യാന്പിന്റെ ഭാഗമായി ഐഎസ്ആർഒയുടെ കീഴിലുള്ള വിവിധ റിസർച്ച് സെന്ററുകൾ സന്ദർശിക്കാനും അവസരം ലഭിക്കും. കഴിഞ്ഞ 13 നു തുടങ്ങിയ ക്യാന്പ് 25 നു സമാപിക്കും.