ചെങ്ങന്നൂർ : താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ക്യാംപുകൾ വിട്ട് വീടുകളിലേക്കു മടങ്ങി പോകാനുള്ള തിടുക്കത്തിലാണ് എല്ലാവരും.
ഇതിനു മുന്നോടിയായി പുരുഷന്മാരും മുതിർന്ന സ്ത്രീകളുമടക്കം പലരും തങ്ങളുടെ വീടുകളിലെത്തി ശുചീകരണത്തിനു തുടക്കവുമായി.
എന്നാൽ, മുളക്കുഴ പഞ്ചായത്ത് നാലാം വാർഡിൽ ചെമ്പൻചിറ പുതുവൽ വീട്ടിൽ പ്രഭയുടെ മകൾ പൂർണ ഗർഭിണികൂടിയായ അനു (26 )വിന് വീട്ടിലേക്കുള്ള മടക്ക യാത്രയെക്കുറിച്ചു ചിന്തിക്കുമ്പോൾ ഹൃദയമിടിപ്പു കൂടുകയാണ്.
വാസ യോഗ്യമല്ലാത്ത ,അപകട നിലയിലായ വീടിന്റെ സുരക്ഷയെക്കുറിച്ചോർക്കുമ്പോഴാണ് ഭയം. മാനമിരുണ്ടാൽ ഈ സാധു കുംബത്തിന്റെ നെഞ്ചിടിപ്പും ഉയരും.
നീളാത്ത് പുഞ്ചയോടു ചേർന്ന താഴ്ന്ന പുരയിടത്തിലാണ് അനുവിന്റെ അപകട നിലയിലായ കൊച്ചു വീട് .
ഇവിടെ അനുവിന്റെ ഒന്നരയും ആറും വയസു വീതമുള്ള രണ്ടു പെൺകുട്ടികളും വിധവയായ അമ്മ പ്രഭയും കൊല്ലം സ്വദേശിയായ ഭർത്താവ് രാജേഷുമാണ് താമസം.
പിതാവ് സി.കെ.അജി മരിച്ചിട്ട് മൂന്നു വർഷം കഴിഞ്ഞു. 20 വർഷം മുമ്പ് ബ്ലോക്കിൽ നിന്ന് അനുവദിച്ച പദ്ധതി വീടാണു കാലപഴക്കത്താൽ ഇടിഞ്ഞു പൊളിഞ്ഞ് ഇപ്പോൾ വാസയോഗ്യമല്ലാതെ ഏതുനിമിഷവും നിലംപൊത്താറായ നിലയിലുള്ളത്. കഴിഞ്ഞ പ്രളയത്തിൽ ഭാഗികമായി തകർന്നിരുന്നു.
അതിനും മുമ്പു മുതൽ തന്നെ പല ആവർത്തി പുതിയ വീടിനുള്ള അപേക്ഷയുമായി പഞ്ചായത്ത് അധികൃതർക്കു മുമ്പിൽ കയറിയിറങ്ങുകയാണ്.
ഇതുവരെ അനുകൂല തീരുമാനം ഉണ്ടായില്ല. പ്രഭയുടെ ഭർത്താവ് മരണമടഞ്ഞ അജിയുടെ പേരിലാണ് വസ്തു എന്നു പറഞ്ഞാണ് അധികൃതർ പ്രഭയെ മടക്കി അയയ്ക്കുന്നത്.
ഇപ്പോഴത്തെ മഴയിൽ വീടിന്റെ തകർച്ച പൂർണമായിരിക്കുകയാണ്. അപകട നിലയിലായ വീട്ടിലേക്ക് ഗർഭിണിയായ മകളേയും കുട്ടികളേയും കൊണ്ട് വീട്ടിലേക്കുളള മടക്കം അമ്മ പ്രഭയ്ക്കും ഭയമാണ്.
അതുകൊണ്ടു തന്നെ മുളക്കുഴ ഗവ.എൽ.പി സ്കൂളിലെ ഇപ്പോഴത്തെ ദുരിതാശ്വാസ ക്യാമ്പ് ഇവർക്കിപ്പോൾ രണ്ടാം വീടുപോലെ ആശ്വാസമാണ് .
ആരോഗ്യ പ്രവർത്തകരുടെ നിരന്തരമുള്ള ശ്രദ്ധയും പരിശോധനയും മറ്റും അനുവിനു ക്യാംപിൽ ലഭിക്കുന്നുണ്ട്. നവംബർ ആദ്യം പ്രസവം ഉണ്ടാവുമെന്നാണ് പരിശോധിച്ച ഡോക്ടർ അറിയിച്ചത്.
ഈ ആഴ്ച അവസാനത്തോടെ ക്യാംപ് പിരിച്ചു വിടുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാൽ പിന്നെ എങ്ങോട്ട് , എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണീ സാധു പട്ടികജാതി കുംബം.
അച്ഛന്റെ പേരിലുള്ള രണ്ടു സെന്റ് ഭൂമിയിൽ വലിയ വീടൊന്നും വേണ്ട. നിലവിലെ – തകർച്ചയിലായ വീടിനു പകരം അടച്ചുറപ്പുള്ള ഒരു വീട് ; അതു മാത്രമാണ് തങ്ങളാവശ്യപ്പെടുന്നത് – അനു നിറഞ്ഞകണ്ണുകൾ തുടച്ചു കൊണ്ടു പറഞ്ഞു.