കൊച്ചി: തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിച്ച ഹൃദയം തുന്നിച്ചേര്‍ത്ത തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിന്റെ (55 ) ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍.
നാല് മണിക്കൂര്‍ നേരത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം ഇന്നലെ വൈകിട്ടോടെ തന്നെ ഹദയം ശരീരത്തില്‍ സ്പന്ദിച്ചു തുടങ്ങിയിരുന്നു. ആരോഗ്യ നിലയില്‍ പ്രതീക്ഷിച്ച പുരോഗതി ഇന്ന് കൈവരിച്ചിട്ടുണ്ട്. വൈകിട്ടോടെ വെന്റിലേറ്ററില്‍നിന്ന് മാറ്റുന്നതിനുള്ള നടപടികള്‍ ഉണ്ടായേക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണുമന്ദിരത്തില്‍ അനുജിത്തിന്റെ (27) ഹൃദയമാണു എറണാകുളം ലിസി ആശുപത്രിയില്‍ കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവി ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ സണ്ണിയില്‍ വിജയകരമായി വച്ചുപിടിപ്പിച്ചത്.
ബൈക്കപകടത്തില്‍ പരിക്കേറ്റു ചികിത്സയിലിരിക്കെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച അനുജിത്തിന്റെ ഹൃദയം സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്ററിലാണു കൊച്ചിയില്‍ എത്തിച്ചത്.
ലിസി ആശുപത്രി ഡയറക്ടര്‍ റവ.ഡോ. പോള്‍ കരേടന്റെ അഭ്യര്‍ഥനയെ തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന് സര്‍ക്കാരിന്റെ ഹെലികോപ്ടര്‍ സൗകര്യം സൗജന്യമായി വിട്ടു നല്‍കുകയായിരുന്നു.
പ്രത്യേക ബോക്സിലാക്കിയ ഹൃദയവുമായി ഇന്നലെ ഉച്ചയ്ക്ക് 1.50 നു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട ഹെലികോപ്റ്റര്‍ 2.45 നു കൊച്ചി ബോള്‍ഗാട്ടിയിലെ സ്വകാര്യ ഹോട്ടലിന്റെ ഹെലിപാടില്‍ ഇറങ്ങി. തുടര്‍ന്ന് പോലീസ് അകമ്പടിയോടെ ആംബുലന്‍സില്‍ നാലു മിനിട്ടുകൊണ്ടു ഹൃദയം ലിസി ആശുപത്രിയിലെത്തിച്ചു.
മൂന്നിനാരംഭിച്ച ശസ്ത്രക്രിയ ഏഴിനു പൂര്‍ത്തിയായി. ഡോ. ജേക്കബ് ഏബ്രഹാം, ഡോ. റോണി മാത്യു, ഡോ. ഭാസ്കര്‍ രംഗനാഥന്, ഡോ. ജോ ജോസഫ്, ഡോ. ജീവേഷ് തോമസ്, ഡോ. സൈമണ്‍ ഫിലിപ്പോസ്, ഡോ. മുരുകന്, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോര്‍ജ് എന്നിവരും ശസ്ത്രക്രിയയിലും തുടര്‍ ചികിത്സയിലും പങ്കാളികളായി.
നേരത്തെ ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ജേക്കബ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ നാലംഗ സംഘം കിംസ് ആശുപത്രിയിലെത്തിയാണു അനുജിത്തിന്റെ ഹൃദയം വേര്‍പെടുത്തി പ്രത്യേക ബോക്സിലേക്കു മാറ്റിയത്. കിംസിലെ കാര്‍ഡിയാക് സര്ജന് ഡോ. ഷാജി പാലങ്ങാടനും ശസ്ത്രക്രിയയില്‍ പങ്കാളിയായി.
എംഎല്‍എ മാരായ ടി.ജെ. വിനോദ്, എം. സ്വരാജ്, മുന്‍ എംപി പി. രാജീവ്, സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി ഹൃദയം എത്തിക്കുന്നതിനു വിവിധ ഘട്ടങ്ങളില്‍ സഹായമായി. ലിസി ആശുപത്രിയിലെ 25-ാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇന്നലെ നടന്നത്.
അനുജിത്തിന്റെ കൈകളും ചെറുകുടലും അമൃത ആശുപത്രിയിലേക്കാണ് കൊണ്ടുവന്നത്. ഇവിടെ രണ്ടു വര്‍ഷമായി ചികിത്സയിലുണ്ടായിരുന്ന 23കാരന് രണ്ടു കൈകളും പാലക്കാട് സ്വദേശിയായ മധ്യവയസ്കന് ചെറുകുടലും തുന്നിച്ചേര്‍ത്തു.
ഇന്ന് പുലര്‍ച്ചെയോടെയാണ് ഈ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായത്. ഇരുവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.