തിരുവനന്തപുരം: 2010 സെപ്റ്റംബർ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാർത്തകളിലൊന്നായിരുന്നു “പാളത്തിൽ വിള്ളൽ: ചുവന്ന സഞ്ചി വീശി വിദ്യാർഥികൾ അപകടം ഒഴിവാക്കി’ എന്നത്.
അതിനു നേതൃത്വം നൽകിയതു ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാർഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുന്പനങ്ങാട് വിഷ്ണു മന്ദിരത്തിൽ ശശിധരൻ പിള്ളയുടെ മകനുമായ അനുജിത്തായിരുന്നു.
പാളത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തക സഞ്ചി വീശിയാണ് അനുജിത്തും സുഹൃത്തും അപായ സൂചന നൽകിയത്. നൂറുകണക്കിന് യാത്രക്കാരുമായി എത്തിയ ട്രെയിൻ കൃത്യസമയത്ത് നിർത്താനായതിനാൽ വൻ ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞു. അന്ന് നിരവധി പേരുടെ ജീവൻ രക്ഷിച്ച അനുജിത് (27) ഓർമ്മയാകുന്പോൾ എട്ടു പേരിലൂടെയാണ് ജീവിക്കുന്നത്.
അപടകത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനുജിത് മസ്തിഷക മരണമടഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. ഹൃദയം, വൃക്കകൾ, രണ്ടു കണ്ണുകൾ, ചെറുകുടൽ, കൈകൾ എന്നിവയാണ് മറ്റുള്ളവർക്കായി നൽകിയത്.
തീവ്ര ദു:ഖത്തിലും അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരായ കുടുംബത്തെ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ആദരവറിയിച്ചു. അനേകം പേരെ രക്ഷിച്ച് ജീവിതത്തിൽ തന്നെ മാതൃകയായ അനുജിത്തിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കു ചേരുന്നതായും മന്ത്രി വ്യക്തമാക്കി.
ഈ മാസം 14-ാം തീയതി കൊട്ടാരക്കരയ്ക്ക് സമീപം വച്ചാണ് അനുജിത്ത് ഓടിച്ച ബൈക്കിന് അപകടം സംഭവിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനുജിത്തിനെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും കിംസ് ആശുപത്രിയിലുമെത്തിച്ചു.
ജീവൻ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും ഡോക്ടർമാർ നടത്തിയെങ്കിലും 17-ന് മസ്തിഷ്ക മരണം സംഭവിച്ചു. രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന ഭാര്യ പ്രിൻസിയും സഹോദരി അജല്യയും അവയവദാനത്തിനു മുന്നോട്ടുവരികയായിരുന്നു.
സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. തൃപ്പുണിത്തുറ സ്വദേശി സണ്ണി തോമസിനാണ് (55) ഹൃദയം എത്തിച്ച് നൽകിയത്. എറണാകുളത്ത് ചികിത്സയിലുള്ള രോഗിക്ക് കൃത്യസമയത്ത് ഹൃദയം എത്തിക്കുന്നതിനുള്ള ദൗത്യം വളരെ വലുതായിരുന്നു.
എന്നാൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ ഇതിനായി വിട്ടു കൊടുത്തു. ഈ ഹെലികോപ്ടറിന്റെ രണ്ടാം അവയവ വിന്യാസ ദൗത്യമായിരുന്നു ഇത്.
സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന അനുജിത്ത് ലോക്ക്ഡൗണ്‍ ആയതോടെ കൊട്ടാരക്കരയിലെ സൂപ്പർ മാർക്കറ്റിലെ സെയിൽസ്മാനായി ജോലി നോക്കുകയായിരുന്നു. ഭാര്യ പ്രിൻസി ജുവലറിയിലെ ജീവനക്കാരിയാണ്. മൂന്നു വയസുള്ള മകനുണ്ട്.