
മുക്കം: സ്പെഷൽ സ്കൂൾ വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം. തോട്ടുമുക്കം സ്വദേശി കരിങ്ങത്തടത്തിൽ അനീഷിന്റെ ഇളയ മകൾ അനു ആണ് കഴിഞ്ഞ ദിവസം മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലിരിക്കേ മരണമടഞ്ഞത്.
രണ്ടു ദിവസം മുൻപ് സ്കൂൾ ഹോസ്റ്റലിൽ തലചുറ്റി വീണു ഛർദ്ദിച്ചു എന്നു പറഞ്ഞു മെഡിക്കൽ കോളജിൽ കൊണ്ട് പോവുകയായിരുന്നു. രാവിലെ ഛർദ്ദിച്ചു അവശയായ വിദ്യാർഥിനിയെ വൈകുന്നേരമാണ് ആശുപത്രിയിലെത്തിച്ചതെന്നും പരാതിയുണ്ട്.
സംഭവം ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ഹോസ്റ്റലിലെ ഹെൽപ്പർ വിദ്യാർഥിനിയെ മർദ്ദിച്ചിരുന്നതായും പരാതിയുണ്ട്. മെഡിക്കൽ കോളജിൽ എത്തിയപ്പോൾ കുട്ടിക്ക് ശ്വാസതടസം ഉണ്ടായി.
പിന്നീട് വെന്റിലേറ്ററിൽ ആയിരുന്നു രണ്ടു ദിവസം. എന്നാൽ തല ചുറ്റി വീണതല്ലെന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടർ സംശയം ഉന്നയിച്ചതോടെ മെഡിക്കൽ കോളജ് പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടിയെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി.
കഴിഞ്ഞ ദിവസം ബധിര സംഘടനാ പ്രതിനിധികൾ മരിച്ച അനുവിന്റെ വീട് സന്ദർശിച്ച് അനുപഠിക്കുന്ന സ്ഥാപനത്തിൽ തന്നെ പഠിക്കുന്ന അവളുടെ സഹോദരിയുമായി സംസാരിച്ചപ്പോഴാണ്ണ് ഹോസ്റ്റലിൽ വച്ച് ആയ (ഹെൽപ്പർ) കുട്ടിയെ മർദിച്ച സംഭവം പുറത്തെത്തുന്നത്.
ഹോസ്റ്റലിൽ മിക്കവാറും ദിവസങ്ങളിൽ കുട്ടികളെ തല്ലാറുണ്ടന്ന് സഹോദരി പറയുന്നു. ഹോസ്റ്റലിൽ നിന്ന് നേരിട്ട ക്രൂരമർദ്ദനമാണ് മരണകാരണമെന്നാണ് കുടുംബവും നാട്ടുകാരും പറയുന്നത്.
മറ്റെന്തങ്കിലും കാരണമുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇവർ പറയുന്നു. കുഞ്ഞിനോട് കാണിച്ച ക്രൂരതയ്ക്കെതിരേ നിയമ പോരാട്ടം നടത്താനൊരുങ്ങുകയാണ് നാട്ടുകാരും.