കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹന്റെയും മകന്. സായികുമാറിന്റെ സഹോദരീപുത്രന്. വിനു മോഹന്റെ സഹോദരന്… കുട്ടിക്കാലത്തേ സിനിമയും നാടകവും കണ്ടുവളര്‍ന്ന അനുമോഹന്‍ സിനിമ അകലെയായിരുന്നില്ല. സഭാകമ്പത്താല് സ്കൂളില്‍ സ്റ്റേജ് പരിപാടികളൊന്നും ചെയ്യാതെ ചിത്രരചനയില്‍ ഒതുങ്ങിയ ആ പയ്യന് പിന്നീടു സിനിമാനടനായതും അയ്യപ്പനും കോശിയും സിനിമയിലൂടെ ഐഡന്റിറ്റി നേടിയതും സമീപകാലചിത്രം. അനില്‍ കുര്യന്റെ തിരക്കഥയില്‍ അഭയകുമാര്‍ സംവിധാനം ചെയ്ത സീക്രട്ട് ഹോമാണ് അനുമോഹന്റെ പുതിയ റിലീസ്. മുത്തച്ഛന് ചെയ്തതുപോലെ എന്നുമോര്‍ത്തിരിക്കുന്ന നല്ല വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്ന് അനു രാഷ്ട്രദീപികയോടു പറഞ്ഞു.
സീക്രട്ട് ഹോം…
ക്രൈംഡ്രാമയാണിത്. നമുക്കുചുറ്റും നടന്ന പല സംഭവങ്ങളില്‍നിന്നു പ്രചോദനം നേടി രൂപപ്പെടുത്തിയ കഥയും ഭൂപ്രദേശവും ഒരു വീടും. ആ വീട്ടില്‍ നടക്കുന്ന ഒരു സംഭവം ആസ്പദമാക്കിയുള്ള കഥയാണ് സീക്രട്ട് ഹോം. പക്ഷേ, വീട്ടില്‍ മാത്രം ഒതുങ്ങുന്ന കഥയല്ല. ഏകദേശം മുപ്പതോളം ലൊക്കേഷനുകളില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. കുറേ ദിവസങ്ങളില്‍ നടക്കുന്ന കഥയാണ്. ക്രൈം നടക്കുന്നത് ആ വീട്ടിലായതുകൊണ്ടാണ് സീക്രട്ട് ഹോം എന്ന ടൈറ്റില്‍. ഇതുവരെ ഒരു മലയാള സിനിമയിലും പറയാത്ത ഒരു വിഷയം ഇതില്‍ സംസാരിക്കുന്നുണ്ട്. അതു ഗ്രേ ഷേഡാണ്. നടന്ന സംഭവവുമായി ബന്ധപ്പെടുത്തിയാണ് അതു പറയുന്നത്.
സിനിമ പറയുന്നത്….
ഒരു ക്രൈമില്‍ പൊതുസമൂഹം കേള്‍ക്കുന്ന ഒരു വശമുണ്ടാവും. കുറ്റവാളി പറയുന്ന ഒരു വശമുണ്ടാവും. പോലീസ് കണ്ടുപിടിക്കുന്ന ഒരു വശമുണ്ടാവും. ഇതിനൊക്കെയപ്പുറം ഒരു റിയാലിറ്റി അതിനുണ്ടെങ്കിലോ എന്ന ചോദ്യത്തില്‍നിന്നാണ് ഈ സിനിമ. പുണ്യാളന് അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, ചതുര്‍മുഖം, പ്രിയന് ഓട്ടത്തിലാണ് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ അഭയകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. തിരക്കഥയൊരുക്കിയത് അനില്‍ കുര്യന്. മുന്നേ സൂചിപ്പിച്ച സിനിമകളെല്ലാം എഴുതിയത് ഇവര്‍ ഒരുമിച്ചാണ്.
കഥാപാത്രം….
ഇതിൽ എന്റെ കഥാപാത്രം അജീഷ് ഐടി പ്രഫഷണലാണ്. ശിവദ ചെയ്യുന്ന കഥാപാത്രത്തിന്റെ സഹപ്രവര്ത്തകൻ. ഞാനും ചന്തുവും ശിവദയും അപര്‍ണയും ചെയ്യുന്ന കഥാപാത്രങ്ങളെ കൂട്ടിയോജിപ്പി ക്കുന്നത് ആ വീട്ടില്‍ നടക്കുന്ന സംഭവമാണ്. ഞാനും ശിവദയും ചന്തുവുമായി ട്വല്‍ത് മാന്‍ എന്ന സിനിമ ചെയ്തിട്ടുണ്ട്. ചന്തുവുമായി വേറെ ചില സിനിമകള്‍ ചെയ്തിട്ടുണ്ട്. അഭയേട്ടനും അപര്‍ണയുമായി ഞാന്‍ ആദ്യമായാണ് സിനിമ ചെയ്യുന്നത്.
ഇതിലെ കഥാപാത്രമാകാന്‍ സ്ട്രെയിനുണ്ടോ…
ഓരോ സിനിമയിലും അതിലെ കഥാപാത്രം കടന്നുപോകുന്ന സാഹചര്യങ്ങളുണ്ടല്ലോ. അതിലേക്ക് എത്താനുള്ള പ്രയത്നമുണ്ടാവും. അത്രേയുള്ളൂ. അതു സ്ട്രെയിനോ കഷ്ടപ്പാടോ ഒന്നുമല്ല. ദൈനംദിന ജീവിതത്തില്‍ കണ്ടുപോകുന്നവര്‍ തന്നെയാണ് ഇതിലെ കഥാപാത്രങ്ങള്‍. അവരുടെ പെര്‍ഫോമന്‍സിനാണ് ഇവിടെ പ്രാധാന്യം. ഫിസിക്കലായി വലിയ മാറ്റത്തിന്റെ ആവശ്യമൊന്നും ഈ സിനിമയ്ക്കില്ല.
സിനിമകള്‍ തെരഞ്ഞെടുക്കുന്നത്…
ആദ്യം സ്ക്രിപ്റ്റ് വായിക്കും. അതിന്റെ കണ്ടന്റ് സംസാരിക്കുന്നുണ്ടോ, സിനിമ മൊത്തത്തിൽ ഫ്രഷ് സംഭവമാണോ, എന്റെ കഥാപാത്രം ഏറെ പെര്‍ഫോമന്‍സ് പ്രാധാന്യമുള്ളതാണോ എന്നൊക്കെ ശ്രദ്ധിക്കാറുണ്ട്.
അഭിനയമായിരുന്നോ ലക്ഷ്യം…
അഭിനയത്തോടു വലിയ ഒരഭിനിവേശം എനിക്കു ചെറുതിലേ ഉണ്ടായിരുന്നില്ല. സിനിമാറ്റോഗ്രഫി, ആര്‍ട്ട് ഡയറക്ഷൻ…അതൊക്കെയായിരുന്നു കൂടുതല്‍ താത്പര്യം. നടനായതൊരു നിമിത്തമാണ്. ബംഗളൂരുവില്‍ ജോലി ചെയ്യുമ്പോള്‍ അവിടത്തെ സുഹൃദ് വലയത്തിനുള്ളില്‍ ഉണ്ടായ സിനിമയാണു തീവ്രം. പ്രൊഡ്യൂസ് ചെയ്യാനും മറ്റും രണ്ടര വര്‍ഷത്തോളം അതിന്റെ പിന്നാലെ നടന്നാണ് ആ സിനിമ സംഭവിച്ചത്. ജോലി രാജിവച്ചാണ് അതിലഭിനയിച്ചത്. എത്രയോ ആളുകളുടെ ക്രിയേറ്റീവ് ഇന്‍പുട്ട് ഒറ്റ പീസായി കാണുമ്പോള്‍ കിട്ടുന്ന സന്തോഷം മറ്റേതു ജോലി ചെയ്യുന്നതിനേക്കാളും വലുതെന്നു തോന്നി. സിനിമയുടെ ടോട്ടാലിറ്റിയില്‍ രസം തോന്നി. അങ്ങനെ പയ്യെപ്പയ്യെ സിനിമയിലെത്തി.
കരിയറില്‍ ആഗ്രഹിച്ച ലെവലില്‍ എത്തിയോ…
ഇപ്പോഴും ആഗ്രഹിച്ച ലെവലിലേക്ക് എത്തിയിട്ടില്ല. തീവ്രം മുതല്‍ ഇങ്ങോട്ടുള്ള വേഷങ്ങളെല്ലാം എന്റെ മനസിനോട് ഏറ്റവും അടുത്തുനില്ക്കുന്നവയാണ്. പക്ഷേ, അനുമോഹന്‍ എന്ന ഐഡന്റിറ്റി കിട്ടിയത് സച്ചിയേട്ടന് എനിക്കുതന്ന അയ്യപ്പനും കോശിയും സിനിമയിലെ സിപിഒ സുജിത്ത് ചെയ്തതിനുശേഷമാണ്. ഒരുപക്ഷേ, അതു ഞാന്‍ കുറച്ചുകൂടി മെച്വേര്‍ഡായി ചെയ്ത കഥാപാത്രമായതിനാലായിരിക്കാം. സച്ചിയേട്ടന്റെ എഴുത്തിന്റെ വലിയ മാജിക് അതിലുണ്ട്. അതിനുശേഷം വലിയ സിനിമകളുടെയും നല്ല സിനിമകളുടെയും ഭാഗമാകാനും നിരന്തരം സിനിമ ചെയ്യാനും തുടങ്ങി. പിന്നീടു ട്വന്റി വണ്‍ ഗ്രാംസ്, മഞ്ജു വാര്യര്‍ക്കൊപ്പം ലളിതം സുന്ദരം, ജീത്തു ജോസഫ് സിനിമ ട്വല്ത്ത്മാന്, ടോവിനോയ്ക്കൊപ്പം വിഷ്ണുരാഘവന്റെ വാശി, ഫഹദ്ഫാസിലിനൊപ്പം ധൂമം തുടങ്ങിയ സിനിമകള്‍.
സിംഗിള്‍ ഹീറോ സ്റ്റാര്‍ഡം പ്രധാനമല്ലേ…
സ്റ്റാര്ഡത്തിലല്ല ഞാന്‍ വിശ്വസിക്കുന്നത്. എന്നുമോര്‍ത്തിരിക്കുന്ന നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാവണം. ഞാന്‍ അപ്പൂപ്പനെ (കൊട്ടാരക്കര ശ്രീധരന് നായര്‍) നേരിട്ടുകണ്ടിട്ടില്ല. ഇപ്പോഴും അപ്പൂപ്പന് ലൈവായി നില്‍ക്കുന്നത് നല്ല നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്തതുകൊണ്ടാണ്.
അടുത്ത റിലീസുകള്‍…
ഞാനും ശ്രീനാഥ് ഭാസിയും അഭിനയിച്ച വികാരം, അദിതി രവിക്കൊപ്പം ലണ്ടനില്‍ ഷൂട്ട് ചെയ്ത ബിഗ് ബെന്‍, ജോമോന് ടി. ജോണ്‍ നിര്‍മിച്ച് മേപ്പടിയാന് ഡയറക്ടര്‍ വിഷ്ണുമോഹന് സംവിധാനം ചെയ്ത, ഞാനും ബിജുമേനോനും നിഖിലയും വേഷമിട്ട കഥ ഇന്നുവരെ, ഷാജി കൈലാസ് സിനിമ ഹണ്ട്, പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന, ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ തുടങ്ങിയവയാണ് അടുത്ത റിലീസുകള്‍.
ടി.ജി. ബൈജുനാഥ്