ചുരുക്കം ചില കഥാപാത്രങ്ങള്‍ കൊണ്ടുതന്നെ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി മാറിയ നടിയാണ് അനുമോള്‍. സമൂഹമാധ്യമങ്ങളിലൂടെ തന്റെ സിനിമാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന കാര്യത്തിലും അനുമോള്‍ മുമ്പിലായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം അനുമോള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു ചിത്രം കണ്ട് അദ്ദേഹത്തിന്റെ ആരാധകര്‍ ഒന്നടങ്കം ഞെട്ടി. ഉടനെ അനുമോളോട് ആളുകള്‍ അന്വേഷിച്ചു തുടങ്ങി. എന്താണ് അനുമോള്‍ക്ക് സംഭവിച്ചത് എന്ന്.
അപകടം പറ്റി കിടക്കുന്നതിന്റെയും തലമുടി പാടെ വടിച്ച് അവശയായി നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ കണ്ടാണ് ആളുകള്‍ ഞെട്ടിയത്. പക്ഷേ പുതിയ ചിത്രത്തിന് വേണ്ടിയുള്ള മെയ്ക്കോവറിന്റെ ഭാഗമായിരുന്നു അതെന്ന് പിന്നീട് വിശദമായ അന്വേഷണം നടത്തിയപ്പോള്‍ മാത്രമാണ് പലര്‍ക്കും മനസിലായത്. ഇതുവരെ പൂര്‍ത്തിയാകാത്ത മരം പെയ്യുമ്പോള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
അനുമോള്‍ തന്നെയാണ് ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയത്. ഈ കിടിലന്‍ മെയ്ക്കോവറിന് പുറകിലും പക്ഷെ ഒരു വേദന ഒളിഞ്ഞു കിടപ്പുണ്ട്. ആ വേദനയുടെ കഥ പങ്കുവച്ചു കൊണ്ട് അനുമോള്‍ എഴുതിയ കുറിപ്പ് ഇങ്ങനെയാണ്…
‘ചില വേഷങ്ങള്‍ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും. അഭിനേതാവ് എന്ന രീതിയില്‍ മാത്രമല്ല വ്യക്തി എന്ന നിലയിലും കഥാപാത്രങ്ങള്‍ നമ്മില്‍ മാറ്റം വരുത്താറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു കഥാപാത്രമായിരുന്നു ഇത്. ഒരുപാട് പേരുടെ കഷ്ടപ്പാടായിരുന്നു ഈ സിനിമ.
അങ്ങനെയുള്ള ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിലുള്ള ഞങ്ങളുടെ വിഷമം നിങ്ങള്‍ക്ക് ചിന്തിക്കാവുന്നതേ ഉള്ളൂ. സെറ്റില്‍ നിന്നുള്ള ആരും കാണാത്ത ഈ ചിത്രങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് എനിക്ക് തോന്നി. മാറ്റിവച്ച ഒരു പ്രോജക്ടില്‍ നിന്നുള്ള ചിത്രങ്ങളാണിത്. അനില്‍ തോമസ് സംവിധായകനാകുന്ന മരം പെയ്യുമ്പോള്‍ എന്ന ചിത്രം. കല്ലിയൂര്‍ ശശിയാണ് നിര്‍മാണം പട്ടണം ഷാ ഇക്കയാണ് മെയ്ക്കപ്പ്’.
ക്രൂര ബലാത്സംഗത്തിന് ഇരയായ ഒരു നഴ്സിന്റെ കഥ പറയുന്ന ചിത്രമാണ് അനില്‍ തോമസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മരം പെയ്യുമ്പോള്‍. നാല്പത് വര്‍ഷം മുന്‍പ് മുംബൈയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.