“ചെറുപ്പത്തില്‍ തൊട്ടാവാടി കുട്ടിയായിരുന്നു ഞാൻ. എന്നാല്‍ വളര്‍ന്നപ്പോള്‍ അതു മാറി. അഭിനയ രംഗത്തേക്കു കടന്നുവന്നതോടെ വലിയ ധൈര്യവുമായി. ലൊക്കേഷനുകളിലേക്കും പരിപാടികള്‍ക്കുമെല്ലാം ഒറ്റയ്ക്കാണ് പോകാറുള്ളത്. ഇങ്ങനെ തിരുവനന്തപുരത്തുനിന്ന് ഒറ്റയ്ക്ക് കൊച്ചിയിലേക്കു പോകുമ്പോഴായിരുന്നു ബസില്‍ വച്ച് അതിക്രമം നേരിടേണ്ടിവന്നത്. രാത്രി ഉറങ്ങുകയായിരുന്നു.
ഇതിനിടെ ആരോ ശരീരത്തില്‍ തൊടുന്നത് പോലെ തോന്നി. നല്ല ഉറക്കത്തില്‍ ആയതിനാല്‍ തോന്നിയതാണെന്ന് ആയിരുന്നു ആദ്യം കരുതിയത്. എന്നാല്‍ പിന്നീടാണ് തന്റെ അടുത്തിരുന്ന ആള് ഉപദ്രവിക്കാന്‍ ശ്രമിച്ചതാണെന്നു വ്യക്തമായത്. പിന്നെ ഒട്ടും താമസിച്ചില്ല.
എഴുന്നേറ്റ് കരണം നോക്കി ഒരടിയങ്ങ് പൊട്ടിച്ചു. ബസിലെ കണ്ടക്ടര്‍ അത് വിട്ടുകളയൂ എന്ന രീതിയില്‍ ആണ് സംസാരിച്ചത്. എന്നാല്‍ ഞാനതിന് വഴങ്ങിയില്ല. അയാളെ ബസില്‍നിന്ന് ഇറക്കിവിടാന്‍ ആവശ്യപ്പെട്ടു. അയാളെ ഇറക്കിവിട്ട ശേഷമാണ് ബസ് മുന്നോട്ടുപോയത്.
ഞാന്‍ നന്നായി പ്രതികരിക്കും. അങ്ങിനെ ചെയ്യണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. പല സ്ഥലങ്ങളിലും വച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ശക്തമായി തന്നെ പ്രതികരിച്ചിട്ടുണ്ട്.” -അനുമോള്‍