വിയര്‍ത്തിരിക്കുമ്പോള്‍ പോലും അമ്പലത്തില്‍ പോകാന്‍ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് ഞാന്‍! എന്നാല്‍ സ്ത്രീകള്‍ക്ക് വിലക്ക് കല്‍പിക്കുന്നതിന് എതിരുമാണ്; ശബരിമല വിഷയത്തില്‍ നടി അനുമോള്‍ക്ക് പറയാനുള്ളത്

അടുത്തിടെ വലിയ വിവാദമായ സംഭവമാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധി. ശരീരത്തിന്റെ പ്രത്യേകതകള്‍ കൊണ്ട് മാത്രം ഒരു സ്ത്രീയ്ക്ക് ശബരിമലയില്‍ കയറാന്‍ സാധിക്കില്ല എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്നും സുപ്രീംകോടതി വിധിയെഴുതി.

ഇതേത്തുടര്‍ന്ന് കേരളത്തിലുണ്ടായ കോലാഹലങ്ങള്‍ വിവരിക്കാനാവാത്തതാണ്. പ്രമുഖരടക്കം പലരും ഇക്കാര്യത്തിലുള്ള തങ്ങളിടെ അഭിപ്രായം വിവരിച്ച് രംഗത്തെത്തുകയും പലതും വിവാദമാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടി അനുമോള്‍ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനുമോള്‍ ഇക്കാര്യം വ്യക്തമാക്കിയത്. അനുമോളുടെ വാക്കുകളിങ്ങനെ…

ശരീരത്തിന്റെ സ്വാഭാവികമായ ഒരു അവസ്ഥ ആയിട്ടേ ആര്‍ത്തവത്തെ തോന്നിയിട്ടുള്ളൂ. എന്നാല്‍പ്പോലും ആര്‍ത്തവമുള്ളപ്പോള്‍ താന്‍ ക്ഷേത്രത്തില്‍ കയറില്ല. വിയര്‍ത്തു കുളിച്ചിരിക്കുമ്പോള്‍ പോലും അമ്പലങ്ങളില്‍ കയറാന്‍ ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാന്‍. എന്റെ മനസ്സില്‍ ക്ഷേത്രങ്ങള്‍ക്ക് ചന്ദനത്തിരിയുടെയും കര്‍പ്പൂരത്തിന്റെയുമൊക്കെ മണമാണ്. ആര്‍ത്തവം ആകുമ്പോള്‍ എവിടെയും പോകാന്‍ ഇഷ്ടമില്ല. എന്നാല്‍ പോകുന്നവരോട് എനിക്ക് എതിര്‍പ്പുമില്ല”. താരം പറഞ്ഞു.

അതെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അനുമോള്‍ കൂട്ടിച്ചേര്‍ത്തു. ”പോകുന്നതും പോകാതിരിക്കുന്നതുമൊക്കെ അവരവരുടെ ഇഷ്ടം. സ്ത്രീകളെ വിലക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. നമ്മളാരാ മറ്റൊരാളെ വിലക്കാന്‍? അവര്‍ക്ക് അവരുടേതായ അവകാശങ്ങളില്ലേ? ഇങ്ങനെ വിലക്ക് കല്പിക്കുന്നവര്‍ക്ക് ആരാണ് അതിനുള്ള അധികാരം കൊടുത്തിട്ടുള്ളത്? ‘ അനുമോള്‍ ചോദിക്കുന്നു

Related posts