ഇടുക്കി: കട്ടപ്പന കാഞ്ചിയാറില്‍ യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് ശാസ്ത്രീയ പരിശോധന ആരംഭിച്ചു.
കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ വിജേഷിന്റെ ഭാര്യ പി.ജെ. വത്സമ്മ (അനുമോള്‍ -27 )യുടെ മൃതദേഹം കണ്ടെത്തിയ വീട്ടിലാണ് ഇന്നു രാവിലെ മുതല്‍ പോലീസ് ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നത്.
അനുമോളുടെ ഭര്‍ത്താവ് വിജേഷിനായി പോലീസ് വ്യാപക തെരച്ചില്‍ നടത്തി വരികയാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം വിജേഷ് കടന്നുകളഞ്ഞെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ഞായറാഴ്ച വത്സമ്മയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് വിജേഷും യുവതിയുടെ കുടുംബാംഗങ്ങളും കട്ടപ്പന പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിനു മുമ്പ് അനുമോള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്ന് വിജേഷ് പാമ്പനാറിലുള്ള ഇവരുടെ മാതാപിതാക്കളെ വിളിച്ചറിയിച്ചിരുന്നു.
തുടര്‍ന്ന് മാതാപിതാക്കളും സഹോദരനും രാവിലെ പേഴുംകണ്ടത്തെ വീട്ടില്‍ എത്തിയിരുന്നു.
അനുമോളുടെ അമ്മ ഫിലോമിന കിടപ്പുമുറിയില്‍ കയറിയപ്പോള്‍ വിജേഷ് സംശയം തോന്നാത്ത വിധത്തില്‍ ഇവരെ പിന്തിരിപ്പിച്ചു പറഞ്ഞയച്ചു.
തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ടോടെ യുവതിയുടെ മാതാപിതാക്കള്‍ പേഴുംകണ്ടത്തെ വീട്ടില്‍ വീണ്ടും എത്തിയപ്പോള്‍ വീടു പൂട്ടിയ നിലയിലായിരുന്നു.
സംശയത്തെത്തുടര്‍ന്ന് സഹോദരനും അച്ഛനും ചേര്‍ന്ന് വീടിന്റെ പിന്‍വാതില്‍ തുറന്നു നടത്തിയ തെരച്ചിലിലാണു കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ മൃതദ്ദേഹം കണ്ടെത്തിയത്.
അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിച്ചതനുസരിച്ച് കട്ടപ്പന ഡി വൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
കാഞ്ചിയാര്‍ പള്ളിക്കവലയിലെ കോണ്‍വന്റ് സ്കൂളിലെ അധ്യാപികയാണ് അനുമോള്‍. ഇവരുടെ അഞ്ച് വയസുകാരിയായ മകളെ വിജേഷ് സ്വന്തം വീട്ടിലേക്കു കൊണ്ടുപോയിരുന്നു.
അനുമോളുടെ മൃതദേഹം ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്കു മാറ്റി.
വിജേഷിനെ കണ്ടെത്തുന്നതിനായി അന്വേഷണം നടക്കുകയാണെന്നും ഇതുവരെ വിവരമൊന്നും ലഭിച്ചില്ലെന്നും പോലീസ് പറഞ്ഞു. വിജേഷും അനുമോളും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണു വിവരം.