പ്രളയം തീർത്ത മണ്ണിൽ വീണ്ടും ഒരു ചലച്ചിത്ര മാമാങ്കം. ഐ.എഫ്.എഫ്.കെ 2018 തിരുവനന്തപുരത്തു മിഴി തുറക്കുന്പോൾ മലയാളത്തിന് അഭിമാനമായി ഒരുപിടി ചിത്രങ്ങൾ മുൻനിരയിലുണ്ട്. അതിൽ ഏറെ ശ്രദ്ധേയമായ ഉടലാഴത്തിലൂടെ തന്റെയും സാന്നിധ്യം മേളയിൽ കുറിച്ചിടുകയാണ് പ്രിയ നായിക അനുമോൾ.
ലോകത്തിന്റെ വിവിധ കോണുകളിലെ ചലച്ചിത്ര മേളകളിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന മലയാള ചിത്രങ്ങളിൽ ഇന്നു നിർണായക ഘടകമാണ് അനുമോൾ എന്ന നായിക. ഇവൻ മേഘരൂപൻ, അകം, ചായില്യം തുടങ്ങി കാന്പുള്ള ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ തന്റേതായ അഭിനയ ശൈലി സൃഷ്ടിച്ചെടുത്ത അനുമോൾ വളരെ ശുഭാപ്തി വിശ്വാസത്തോടെയാണ് വരും നാളുകളെ നോക്കിക്കാണുന്നത്. അഭിനയിച്ച് ഏറെ ശ്രദ്ധേയമായ ചിത്രങ്ങൾ പുറത്തിറങ്ങുന്നതിനൊപ്പം തമിഴും മലയാളവും കടന്ന് ഇപ്പോൾ ബംഗാളി ഭാഷയിൽ വരെ ഈ നായികയുടെ ചിത്രങ്ങൾ ഒരുങ്ങുകയാണ്.
വളരെ ശ്രദ്ധേയമായ ചിത്രങ്ങളാണല്ലോ ഇനി
എത്തുന്നത്?
കഴിഞ്ഞ രണ്ടു കൊല്ലമായി ഞാൻ ചെയ്ത സിനിമകളുടെ റിസൾട്ട് ഇനി വരാൻ പോകുന്നതേ ഉള്ളു. പത്മിനി, ഉടലാഴം, ബംഗാളി ചിത്രങ്ങളൊക്കെ അതിലുണ്ട്. പല ചിത്രങ്ങളും ഫെസ്റ്റിവലിനു തെരഞ്ഞെടുക്കപ്പെട്ടു. അതിന്റെ ഒരു വലിയ സന്തോഷം തരുന്ന നാളുകളിലേക്കു നോക്കുകയാണ് ഞാനിപ്പോൾ. ഉടലാഴം ഈ വർഷത്തെ കേരള ഫിലിം ഫെസ്റ്റിവലിൽ തെരഞ്ഞെടുക്കപ്പെട്ടു. ഉടലിന്റെ ആഴങ്ങളിലേക്ക് സഞ്ചരിച്ച്, ആണ്-പെണ് ശരീരത്തിന്റെ ഇടയിൽ പെട്ടുപോയ, കറുപ്പ്- വെളുപ്പ് വ്യത്യാസവും നാട്-കാട് എന്ന വ്യത്യാസവും തുടങ്ങി പലമാനങ്ങൾ ചേർന്നു കിടക്കുന്നൊരു സിനിമയാണിത്. ഇന്നത്തെ കാലത്തു വളരെ അത്യാവശ്യമായുള്ള സിനിമയാണ് ഉടലാഴം.
ഒരു ചട്ടക്കൂട്ടിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായി തോന്നുന്നുണ്ടോ?
അതൊരിക്കലും ഒരു ആക്ടറുടെ കുഴപ്പമാണെന്ന് എനിക്കു തോന്നുന്നില്ല. നമ്മളെ തേടിയെത്തുന്ന കഥാപാത്രങ്ങളിൽ വേണ്ടത് തിരഞ്ഞെടുത്ത് അഭിനയിക്കുകയാണ് ചെയ്യുന്നത്. എനിക്കു വരുന്ന സിനിമകളിൽ പെർഫോം ചെയ്യാനുണ്ടോ എന്നു നോക്കി ചിലത് ഒഴിവാക്കും, ചിലത് തെരഞ്ഞെടുക്കും. പിന്നെ, സിനിമയിൽ എത്തുമെന്നു കരുതിയതല്ല. അവസരം വന്നപ്പോഴും ഒരു സിനിമ മാത്രം അഭിനയിച്ച് നിർത്താമെന്നു കരുതിയിരുന്ന ആളാണ് ഞാൻ. ഇപ്പോൾ ഇത്രയും സിനിമകളുടെ ഭാഗമാകാൻ സാധിച്ചതിൽ വളരെ സന്തോഷവതിയാണ്. പക്ഷേ, ഇതിനിടയിലും റോക്ക്സ്റ്റാർ എന്ന ചിത്രത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്നെ മോഡേണായ വേഷത്തിൽ കാണാൻ പ്രേക്ഷകർ ഇഷ്ടപ്പെടുന്നില്ല എന്നതാണ് മറ്റൊരുകാര്യം.
ഒരു അഭിനേത്രി എന്ന നിലയിലുള്ള വളർച്ച എങ്ങനെ കാണുന്നു?
ഓരോ സംവിധായകരാണ് എന്നെ വളർത്തിയെടുത്തിട്ടുള്ളത്. ഓരോ സിനിമയും എനിക്കൊരു സ്കൂൾ പോലെയാണ്. ആദ്യസിനിമ ഇവൻ മേഘരൂപൻ ചെയ്യുന്പോൾ എനിക്കു കുട്ടിക്കളിയായിരുന്നു. അകം ചെയ്തു തുടങ്ങിയപ്പോഴാണ് അഭിനയം സീരിയസായി കണ്ടുതുടങ്ങുന്നത്. പിന്നീട് ചായില്യത്തിൽ വലിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. അങ്ങനെ ഓരോ സിനിമയും ഓരോ അനുഭവവും പാഠവുമൊക്കെയായി മാറി. ഒരു നടിയെന്ന നിലയിലുള്ള വളർച്ച എനിക്കറിയാൻ സാധിക്കുന്നുണ്ട്. എന്നാൽ ഒരു വ്യക്തി എന്ന നിലയിൽ എന്റെ ഗ്രാഫ് ഒരേപോലെയാണ് പോകുന്നത്.
പാലക്കാട് പട്ടാന്പിക്കാരി എങ്ങനെയാണ് തമിഴ്
സിനിമയിൽക്കൂടി തുടക്കം കുറിക്കുന്നത്?
പട്ടാന്പിയിൽ നടുവട്ടം എന്ന സ്ഥലത്തു നിന്നും എൻജിനിയറിംഗ് പഠിക്കാൻ കോയന്പത്തൂരിലും പിന്നീട് ജോലി കിട്ടി എറണാകുളത്തേക്കും എത്തി. അതിനിടയിൽ ടിവിയിൽ ആങ്കറായി കുറച്ചുനാൾ ചെയ്തു. എന്റെ വള്ളുവനാടൻ ഭാഷ കേട്ടിട്ടാണ് ആദ്യമായി സിനിമയിലേക്ക് ഓഫർ വരുന്നത്. ഒരു സിനിമ ചെയ്തു നോക്കാം എന്നു പറഞ്ഞാണ് ഒരു മലയാള ചിത്രം കമ്മിറ്റ് ചെയ്യുന്നത്. പക്ഷേ, പിന്നീട് ആ ചിത്രത്തിൽ നിന്നും ഞാൻ മാറി. അവിടെ നിന്നുള്ള പരിചയത്തിലാണ് തമിഴിൽ ആദ്യസിനിമ ചെയ്യുന്നത്. പിന്നീട് മലയാളത്തിലേക്കും എത്തി.
പിന്നീട് തമിഴിലേക്കു ശ്രദ്ധ കൊടുത്തില്ലേ?
ഷട്ടറിന്റെ റീമേക്ക് ഒരു നാൾ ഇരവിൽ എന്ന ചിത്രമാണ് അവസാനം ചെയ്തത്. ചായില്യമൊക്കെ ചെയ്തിട്ടും ആളുകൾ ഇപ്പോഴും കൂടുതൽ ചോദിക്കുന്നത് വെടിവഴിപാടിനെക്കുറിച്ചാണ്. ഇനി അത്തരം കഥാപാത്രം വേണ്ട എന്ന നിലയിലാണ് കൂടുതൽ സിനിമകൾ ചെയ്യാഞ്ഞത്. ഇപ്പോൾ തമിഴിൽ നിന്നു രണ്ടു സിനിമകൾ എത്തിയിട്ടുണ്ട്. ഒരു ചിത്രത്തിൽ ഏറെ പ്രായമുള്ള ഒരു സ്ത്രീയായിട്ടാണ് എത്തുന്നത്. എനിക്കും ഏറെ ചലഞ്ചിംഗായിട്ടുള്ള വേഷമാകും അത്.
കൊമേഴ്സ്യൽ സിനിമകളുടെ ഭാഗമാകണം എന്നു തോന്നിയിട്ടില്ലേ?
ഡെപ്ത്തുള്ള കഥാപാത്രങ്ങൾ ചെയ്യുന്ന സമയത്തു ചിലപ്പോൾ തോന്നാറുണ്ട് സാധാരണക്കാരിയായ ഒരു പെണ്കുട്ടിയുടെ വേഷം ചെയ്യണമെന്ന്. പിന്നെ നമുക്കൊരു വാല്യു കിട്ടാത്ത ഇടങ്ങളിൽ നിൽക്കാൻ ആഗ്രഹിക്കാത്ത ആളാണ് ഞാൻ. അതു സുഹൃത്തുക്കൾക്കിടയിലായാലും സിനിമയിലായാലും. നായിക എന്നതിനപ്പുറം സിനിമയിൽ ഞാൻ ചെയ്യുന്ന കഥാപാത്രത്തിനു സ്പേസ് ഉണ്ടെങ്കിൽ മാത്രമാണ് ഞാൻ അവിടെ നിൽക്കുന്നത്. കൊമേഴ്സ്യൽ ചെയ്യണം എന്നാഗ്രഹിച്ചാലും കാമറയ്ക്കു മുന്നിൽ എനിക്കു സ്പേസുള്ള കഥാപാത്രങ്ങളാണ് തെരഞ്ഞെടുക്കുന്നത്.
ഇപ്പോൾ ഒരു ബംഗാളി ചിത്രത്തിലും
നായികയാണല്ലാേ?
ദേശീയ അവാർഡ് ജേതാവ് ജോഷി ജോസഫ് കോൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച വലിയ ചിറകുള്ള പക്ഷികൾ കണ്ടിട്ടാണ് എന്നെ ബംഗാളി ചിത്രത്തിലേക്കു വിളിക്കുന്നത്. ഒബിമാനി ജോൽ എന്നാണ് ചിത്രത്തിന്റെ പേര്. ഒരു ഭാര്യയും ഭർത്താവും അവരുടെ മകനും ചേരുന്ന കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഹൗറാ ബ്രിഡ്ജും ഒരു പ്രധാന കഥാപാത്രമാണ് ഈ ചിത്രത്തിൽ.
സിനിമയിലെത്തി ആറു വർഷം പിന്നിടുന്നു.
എന്നിട്ടും ഒരു സംഘടനയിലും അംഗമാകാത്തത്?
ജീവിതത്തിൽ വളരെ ഇൻഡിപെൻഡന്റായി നിൽക്കുന്ന ആളാണ് ഞാൻ. അതുകാണ്ടാണ് ഒരു സംഘടനയിലും അംഗമാകാതിരിക്കുന്നത്. ഞാൻ ചെയ്യുന്ന സിനിമകളും അത്തരത്തിലുള്ളതാണ്. എങ്കിലും എല്ലാ സംഘടനകളും എനിക്കിഷ്ടമാണ്. അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. എല്ലാ സംഘടനകളും നല്ല ഉദ്ദേശ്യത്തോടെ മുന്നോട്ടു പോകുന്നത് നല്ലതാണ്.
ലിജിൻ കെ ഈപ്പൻ