പാലാ: ഇത്തവണയും അനുമോൾ ഓടി; വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനു വേണ്ടി. സീനിയർ പെണ്‍കുട്ടികളുടെ 3000 മീറ്ററിൽ സ്വർണം നേടി റിക്കാർഡിനൊപ്പമെത്തിയാണ് കോതമംഗലം മാർ ബേസിൽ സ്കൂളിലെ അനുമോൾ തന്പി ആദ്യ ദിനം തന്നെ ദീർഘദൂര ഓട്ടത്തിലൂടെ ട്രാക്കിലെ താരമായത്. ഇന്ന് 5,000 മീറ്ററിലും അനുമോൾ സ്വർണം നേടി.
ഇടുക്കി പാറത്തോട് സ്വദേശിനിയായ അനുമോൾ തന്പിക്ക് സ്വന്തമായി വീടില്ല. വാടകവീട്ടിലാണ് താമസം. കൂലിപ്പണിക്കാരനായ തന്പിയുടെയും വീട്ടമ്മയായ ഷൈനിയുടെയും മകളായ അനുമോൾ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്.
കായിക കേരളത്തിന്റെ ഭാവിവാഗ്ദാനമായ അനുമോൾക്ക് വീടു നിർമിച്ചു നൽകാമെന്ന് സർക്കാരും ജനപ്രതിനിധികളും സംഘടനകളും ഒക്കെ വാഗ്ദാനം നൽകിയെങ്കിലും ഇതുവരെ നടന്നില്ല. കഴിഞ്ഞ വർഷത്തെ കായികമേളയിൽ 5000 മീറ്ററിൽ സ്വർണവും 3000 മീറ്ററിൽ വെള്ളിയും നേടിയ അനുമോൾ ലോക സ്കൂൾ മീറ്റിൽ നാലാം സ്ഥാനത്ത് എത്തിയിരുന്നു.
ഈ വർഷവും കായികമേളയിലെ ആദ്യ ദിനം തന്നെ സ്വർണം നേടിയ അനുമോൾക്ക് ഇത്തവണ സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള തയാറെടുപ്പിലാണ് അധ്യാപകരും സഹപാഠികളും.