ആദ്യ ചിത്രത്തിലൂടെത്തന്നെ മലയാളികളുടെ മനസിൽ ഇടം നേടിയ നായികയാണ് അനുപമ പരമേശ്വരൻ. ഇപ്പോൾ അനുപമ മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധേയയാവുകയാണ്. തെലുങ്കു സൂപ്പർതാരം രാംചരണും അനുപമയും പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു എന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ അനുപമയെ ചിത്രത്തിൽ നിന്ന് മാറ്റി എന്ന വാർത്തയും പരക്കുന്നു. ഇതിനെക്കുറിച്ച് അനുപമ തന്നെ ഈയടുത്തു നൽകിയ ഒരഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തി. ചിത്രത്തിൽ നിന്ന് എന്നെ ഒഴിവാക്കി എന്ന വാർത്ത സത്യമാണ്. ഒൗദ്യോഗികമായി തന്നെ ഞാൻ ചിത്രത്തിലുണ്ടെന്നു പറഞ്ഞിരുന്നതാണ്. അതിനു വേണ്ട ഫോർമാലിറ്റീസും കഴിഞ്ഞതിനുശേഷമാണ് സോഷ്യൽ മീഡിയ വഴി ഞാൻ വാർത്ത പങ്കുവച്ചത്. പക്ഷേ കുറച്ചു ദിവസങ്ങൾക്കുമുന്പാണ് ഞാൻ സിനിമയിൽ ഇല്ലെന്ന വിവരം ഞാൻ അറിയുന്നത്. കാരണം എനിക്കറിയില്ല. തീരുമാനങ്ങൾ അവരുടേതല്ലെ?
എന്നാൽ ചിത്രത്തിലേക്കു കൂടുതൽ ഗ്ലാമർ നിറയ്ക്കുന്നതിന്റെ ഭാഗമായാണ് കാസ്റ്റിംഗിലെ ഈ മാറ്റം എന്നാണ് ചലച്ചിത്രമേഖലയിൽ നിന്നറിയാൻ സാധിക്കുന്നത്. അനുപമയ്ക്കു പകരം കൂടുതൽ കൊമേഴ്സ്യൽ മൂല്യമുള്ളതും ഗ്ലാമറസുമായ നായികയെ ചിത്രത്തിൽ ഉൾപ്പെടുത്താനാണ് സാധ്യത. ഈ വേഷത്തിന് അനുപമ യോജിക്കില്ലെന്നും അതുകൊണ്ടാണ് സിനിമയിൽ നിന്നു മാറ്റിയതെന്നും അനൗദ്യോഗിക വൃത്തങ്ങളിൽ കേൾക്കുന്നു. എന്തായാലും ഈ പ്രശ്നങ്ങളൊന്നും അനുവിനെ തളർത്തിയിട്ടില്ല. ഉടൻ തന്നെ തന്റെ രണ്ടു ചിത്രങ്ങൾ തിയറ്ററുകളിലെത്തുന്നതിന്റെ ത്രില്ലിലാണ് താരം.