തിരുവനന്തപുരം: ദത്തു വിവാദത്തിൽ ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ തെറ്റുകാരനല്ല എന്ന നിലപാടുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കുറ്റം തെളിയുംവരെ ഷിജുഖാനെതിരെ നടപടിയുണ്ടാവില്ലെന്നും ആനാവൂർ നാഗപ്പൻ പറയുന്നു.
ദത്തു നൽകിയ സംഭവത്തിൽ ശിശു ക്ഷേമ സമിതിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും തെറ്റുപറ്റിയിട്ടില്ല. വകുപ്പ്തല അന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കം അറിയില്ലെന്നും റിപ്പോർട്ടിനെപ്പറ്റി സർക്കാർ പറയുകയോ കോടതിയിൽ തെളിയുകയോ ചെയ്യട്ടേയെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
അതേസമയം സംഭവത്തിൽ ആനാവൂർ നാഗപ്പനും തെറ്റുകാരനാണെന്നും അതുകൊണ്ടാണ് ഷിജുഖാനെ പിന്തുണയ്ക്കുന്നതെന്നും കുഞ്ഞിന്റെ അമ്മ അനുപമ പ്രതികരിച്ചു. സർക്കാരിന്റെയും പാർട്ടിയുടേയും അവസാനവാക്ക് ആനാവൂരല്ല എന്നും അനുപമ പറഞ്ഞു.
ഇന്നലെ അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടിയിരുന്നു. അതേസമയം കുഞ്ഞിനെ തന്നിൽ നിന്നും അകറ്റിയവർക്കെതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം.
സമരസമിതിയുമായി ആലോചിച്ച ശേഷമായിരിക്കും സമരരീതി പ്രഖ്യാപിക്കുക. ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും, സിഡബ്ല്യൂസി ചെയർപേഴ്സണ് സുനന്ദക്കും എതിരെ നടപടി വേണമെന്നാണ് അനുപമയുടെ ആവശ്യം.