പ്രേമത്തിലെ മേരിയായെത്തി മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് അനുപമ പരമേശ്വരന്‍. അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായപ്പോള്‍ അനുപമ തമിഴിലും തെലുങ്കിലും ഭാഗ്യതാരമായി മാറി. ഏറെ ആരാധകരുള്ള താരമാണെങ്കിലും തുടക്കംമുതല്‍ വിവാദങ്ങളുടെ തോഴിയാണ് അനുപമ. അഹങ്കാരിയെന്നും ഫെമിനിസ്റ്റെന്നും സോഷ്യല്‍മീഡിയ നിരന്തരം ക്രൂശിച്ചു. പ്രേമം ഹിറ്റായപ്പോള്‍ ആരോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത നടിയുടെ ചിത്രം വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു. ശരീരത്തോട് ഒട്ടിക്കിടക്കുന്ന ലെഗിന്‍സ് അണിഞ്ഞ് ഒരു പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രമായിരുന്നു അത്. എല്ലാ വിവാദങ്ങള്‍ക്കും മറുപടിയുമായി അനുപമ എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്.
ആക്ടീവല്ലാത്ത പെണ്ണിനെയും ആക്ടീവാക്കാനുള്ള കഴിവ് ചിലര്‍ക്ക് ഉണ്ടെന്ന് ഞാന്‍ മനസിലാക്കിയത് ഇക്കാലത്താണ്. ഒരു മീഡിയ അഭിമുഖത്തില്‍ എന്നോട് ഇങ്ങനെ ചോദിച്ചു. സ്ത്രീകളെ പ്രസവിക്കാനുള്ള ഉപകരണമായി മാത്രം കാണുന്ന പുരുഷന്മാരോടുള്ള സമീപനം എന്താണെന്ന്, ഞാന്‍ പറഞ്ഞു അത്തരക്കാരെ ഞാന്‍ വെറുക്കുന്നുവെന്ന്. പക്ഷേ ആളുകള്‍ അതിനെ വളച്ചൊടിച്ച് പുരുഷന്മാരെ വെറുക്കുന്നുവെന്നാക്കി- അനുപമ പറയുന്നു.
ലെഗിന്‍സ് വിവാദത്തെക്കുറിച്ച് അവരുടെ വിശദീകരണം ഇങ്ങനെ- നാട്ടിലെ ഒരു എല്‍പി സ്കൂളില്‍ വായനദിനത്തില്‍ പോയതായിരുന്നു ഞാന്‍. കഷ്ടക്കാലത്തിന് ജീവിതത്തില്‍ ആദ്യമായി ലെഗിന്‍സാണ് ഇട്ടത്. സ്കിന്നുമായി മാച്ചുള്ള കളറായിരുന്നു. വീട്ടില്‍ എത്തുന്നതിന് മുമ്പ് ഇന്റര്‍നെറ്റില്‍ വന്നു. ആരോ മനപൂര്‍വം എടുത്ത് ഇന്റര്‍നെറ്റില്‍ ഇടുകയായിരുന്നു. എനിക്ക് തോന്നുന്നത് ഇതൊക്കെ ഒരു തരം അസൂയയാണെന്നാണ്. എന്തും തുറന്ന് പറയുന്നു എന്ന ഭാവത്തില്‍ ഉള്ളിലുള്ള ഇച്ഛാഭംഗം തീര്‍ക്കാനുള്ള വേദിയാണ് പലര്‍ക്കും സോഷ്യല്‍ മീഡിയ. ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിന് മോശം കമന്റുമായി എത്തും. പാസീവ് എന്‍ജോയ്‌മെന്റ് കിട്ടുന്നത് കൊണ്ട് പലരും വായിക്കുമായിരിക്കും. അതേസമയം ആ കമന്റ് ഇട്ടവന്റെ നിലവാരം കൂടി ആളുകള്‍ വിലയിരുത്തുന്നുണ്ടെന്ന് മനസിലാക്കുന്നത് നല്ലതായിരിക്കും- അനുപമ പറഞ്ഞു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ ആണ് അനുപമയുടേതായി റിലീസ് ചെയ്യാനുളള്ള പുതിയ ചിത്രം. ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍. തെലുങ്കിലും കൈനിറയെ ചിത്രങ്ങള്‍ കോട്ടയം സിഎംഎസ് കോളജിലെ വിദ്യാര്‍ഥിനിക്കുണ്ട്. അടുത്തിടെ ഒരു ചടങ്ങില്‍ അനായാസം തെലുങ്കു സംസാരിച്ച് അനുപമ തെലുങ്കരെയും ഞെട്ടിച്ചിരുന്നു.