തിരുവനന്തപുരം: അനുപമയ്ക്കെതിരേ അനുപമയുടെ പങ്കാളി അജിത്തിന്റെ ആദ്യ ഭാര്യ നാസിയ.
പ്രസവിച്ച ശേഷം കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അനുപമയുടെ അറിവോടെയാണെന്ന് ഇന്നലെ മാധ്യമങ്ങൾക്കു മുന്നിലെത്തിയ നാസിയ പ്രതികരിച്ചു.
അനുപമ സമ്മതപത്രം നൽകിയത് താൻ കണ്ടിരുന്നു. അനുപമയുടെ അച്ഛൻ ആവശ്യപ്പെട്ടതു പ്രകാരം വിവാഹമോചനം തരില്ലെന്നു പറയാൻ അനുപമയുടെ വീട്ടിൽ പോയിരുന്നു.
ഇതിനുശേഷമാണ് അനുപമ കുഞ്ഞിനെ ദത്ത് നൽകിയത്. മേഖലാ കമ്മിറ്റിയിലേക്ക് രണ്ടു വർഷം മുൻപ് അനുപമ വന്നതിനു ശേഷമാണ് അജിത്തുമായി ബന്ധം തുടങ്ങിയത്.
അനുപമ ഗർഭിണിയായ വിവരം താൻ അറിഞ്ഞിരുന്നു. അന്ന് അജിത്ത് അനുപമയ്ക്കൊപ്പമാണ് താമസിച്ചത്.
അജിത്തും അനുപമയും തമ്മിൽ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ല. തന്റെ വീട്ടുകാരുടെ സമ്മതമില്ലാതെയാണ് അജിത്തിനെ താൻ വിവാഹം കഴിച്ചത്.
ഒൻപതു വർഷം മുൻപായിരുന്നു തങ്ങളുടെ വിവാഹം. കഴിഞ്ഞ ജനുവരിയിലാണ് വിവാഹമോചനം നേടിയതെന്നും നാസിയ വ്യക്തമാക്കി.
കുഞ്ഞിനെ തിരികെ കിട്ടാൻ സെക്രട്ടേറിയറ്റിനു മുന്നിൽ അനുപമയുടെ സമരം; ഒടുവിൽ സർക്കാരിന്റെ ഇടപെടൽ
തിരുവനന്തപുരം: അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരവുമായി കുഞ്ഞിന്റെ അമ്മ അനുപമയും പങ്കാളി അജിത്തും.
രാവിലെ ആരംഭിച്ച സമരം സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് വൈകുന്നേരത്തോടെ അനുപമ അവസാനിപ്പിച്ചു.
സമരം ആരംഭിക്കുന്പോൾ, ആപത്ഘട്ടത്തിൽ സഹായിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന പാർട്ടിയും പോലീസും നിസംഗരായിരിക്കുകയാണെന്നു പ്രതികരിച്ച അനുപമ സർക്കാരിന്റെ ഇടപെടൽ ഉറപ്പാക്കിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.
അനുപമയ്ക്കൊപ്പമാണെന്നു സിപിഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവൻ പറഞ്ഞിരുന്നെങ്കിലും പിന്തുണയ്ക്കേണ്ട സമയത്തു അത് ലഭിച്ചില്ലല്ലോ എന്നായിരുന്നു അനുപമയുടെ മറുപടി.
അതേസമയം സമരം ആരംഭിക്കുന്നതിനു മുൻപ് ആരോഗ്യമന്ത്രി അനുപമയെ ഫോണിൽ വിളിച്ചു സംസാരിച്ചു.
വനിതാ ശിശുക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം നടത്തുന്നതായും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടിയെടുക്കുമെന്നും ഉറപ്പു നൽകി.
വൈകുന്നേരത്തോടെ കുഞ്ഞിനെ അമ്മയ്ക്കു തിരികെക്കിട്ടാൻ അനുപമയ്ക്കു നിയമ സഹായവുമായി സർക്കാർ രംഗത്തെത്തി.
അനുപമയുടെ കുഞ്ഞിന്റെ വിഷയം കോടതിയെ അറിയിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി.
കുട്ടിയുടെ ദത്തെടുക്കൽ നടപടി പൂർത്തിയാകും മുന്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും ഇത് സംബന്ധിച്ചു സർക്കാർ നടത്തുന്ന അന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്ന് ആവശ്യപ്പെടാൻ ആരോഗ്യ മന്ത്രി വനിത ശിശുവികസന വകുപ്പിനും നിർദേശം നൽകി.
ഇതിനായി തിരുവനന്തപുരം വഞ്ചിയൂർ കുടുംബ കോടതിയെ സർക്കാർ സമീപിക്കും. ദത്തു നൽകിയ കുഞ്ഞിൽ അനുപമ ഉന്നയിക്കുന്ന അവകാശവാദം സർക്കാർ കോടതിയെ അറിയിക്കും.
കോടതിയെ സമീപിക്കാനുള്ള നിർദേശം മന്ത്രി വീണ ജോർജ് വകുപ്പ് സെക്രട്ടറിക്കാണ് നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ഗവണ്മെന്റ് പ്ലീഡർക്ക് കോടതിയെ ബോധ്യപ്പെടുത്താനുള്ള നിർദേശവും നൽകി.
ഇന്നലെത്തന്നെ ഗവണ്മെന്റ് പ്ലീഡർ ഇക്കാര്യം കോടതിയെ അറിയിച്ചു. കുഞ്ഞിനെ ആന്ധ്രപ്രദേശിലുള്ള ദന്പതികൾക്ക് ദത്ത് നൽകിയതായാണ് വിവരം.
ഇപ്പോൾ താത്്കാലികമായാണ് ദത്ത് നൽകിയിരിക്കുന്നത്. ഇതിന്റെ നടപടിക്രമങ്ങൾ കോടതിയിലാണ് പൂർത്തിയാകുക.
കേസുമായി ബന്ധപ്പട്ട അന്തിമ വിധി കോടതി പുറപ്പെടുവിക്കുന്നതിനു മുൻപായി കുഞ്ഞിലുള്ള അവകാശം ഉറപ്പിക്കുന്നതിനും കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനുള്ള നീക്കവുമാണ് സർക്കാർ നടത്തുക.
സർക്കാർ നടപടിയിൽ സന്തോഷമുണ്ടെന്നു പ്രതികരിച്ച അനുപമ വൈകുന്നേരത്തോടെ സമരം അവസാനിപ്പിച്ചു.
ഇപ്പോൾ കുഞ്ഞിനെ തിരികെ ലഭിക്കുമെന്നു കുറച്ചുകൂടി വിശ്വാസം തോന്നുന്നുവെന്നും സർക്കാർ ഇടപെടലിൽ ഇപ്പോൾ തൃപ്തിയുണ്ടെന്നും അനുപമ പറഞ്ഞു.
അടുത്ത ആഴ്ച കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട അന്തിമ വിധി കോടതി പുറപ്പെടുവിക്കാനിരിക്കുകയാണ്.
കുഞ്ഞിനെ ഏറ്റെടുത്തതും ദത്തു നൽകിയതുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന അന്വേഷണവും സർക്കാർ നടത്തും. ഇതുമായി ബന്ധപ്പെട്ട രേഖകളും സർക്കാർ കോടതിയിൽ ഹാജരാക്കും.