ദത്തുവിവാദത്തിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച അനുപമ എസ്.ചന്ദ്രനും ഭര്‍ത്താവ് അജിത്കുമാറും മകന് ഏയ്ഡന്‍ എന്ന ഏയ്ബൂവും ഇപ്പോള്‍ യൂട്യൂബിലെ മിന്നും താരങ്ങള്‍.
മൂന്നുപേരും ഒരുമിച്ചുള്ള ഫാമിലി വ്ളോഗുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. രണ്ടു മാസം മുന്‍പു യൂ ട്യൂബില്‍ റിലീസ് ചെയ്ത ആദ്യ വീഡിയോ നാലു ലക്ഷത്തോളം പേര് കണ്ടു.
ആറു വ്ളോഗ് വീഡിയോകളാണ് ഇതിനകം റിലീസ് ചെയ്തത്. മാതാപിതാക്കള്‍ക്കു മകനെ തിരിച്ചുകിട്ടാന്‍ പ്രാര്‍ഥനയോടെ കാത്തിരുന്ന, ലോകമെങ്ങുമുള്ള ഒട്ടേറെപ്പേര്‍ കുഞ്ഞിന്റെ വിശേഷങ്ങള്‍ തിരക്കി വിളിക്കാറുണ്ട്.
എങ്കില്‍ എന്തുകൊണ്ട് അവന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ എല്ലാവരുമായും പങ്കുവച്ചുകൂടാ എന്നു ചിന്തിച്ചതോടെയാണു വ്ളോഗ് എന്ന ആശയത്തിലേക്കെത്തിയത്.
കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള സമര പരിപാടികള്‍ക്കിടെ സൗഹൃദത്തിലായ ചിലര്‍ ഇതിനുള്ള സാങ്കേതിക സഹായങ്ങളും നല്കി.
‘അനുപമ അജിത് വ്ളോഗ്’ എന്ന പേരിലാണു വ്ലോഗുകള്‍. വീട്ടുവിശേഷം, പാചകം, കുഞ്ഞുമൊത്തുള്ള യാത്രകള്‍, രാത്രി കറക്കം, ഷോപ്പിംഗ്, അനുപമയ്ക്കും അജിത്തിനും ഇടയിലെ രസകരമായ ചാലഞ്ചുകള്‍ എന്നിവയൊക്കെയാണു വിഷയങ്ങള്‍.
വീഡിയോകള്‍ ഹിറ്റ് ആയതോടെ യൂട്യൂബില്‍ നിന്നു ചെറിയ വരുമാനവും ലഭിച്ചു തുടങ്ങി.
വിവാദത്തിനു മുന്‍പു പേരൂര്‍ക്കടയിലെ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായിരുന്നു അജിത്. അടുത്തിടെ ഈ ജോലിയില്‍ തിരികെ പ്രവേശിച്ചു.
കുഞ്ഞിനെ പരിപാലിക്കുന്നതിനൊപ്പം ബിരുദം പൂര്‍ത്തിയാക്കാനുള്ള പഠനത്തിലാണ് അനുപമ. ചെമ്പഴന്തി എസ്എന്‍ കോളജില്‍ അവസാന വര്‍ഷ ബിഎസ്സി ഫിസിക്സ് വിദ്യാര്‍ഥിനിയാണ്.
തിരുമല വലിയവിളയിലാണ് താമസം. അജിത്തിന്റെ മാതാപിതാക്കളും സഹോദരന്റെ കുടുംബവും ഒപ്പമുണ്ട്.
ഒന്നര വയസ്സായ ഏയ്ഡന്‍ നടക്കാനും സംസാരിക്കാനുമെല്ലാം തുടങ്ങിയതിന്റെ സന്തോഷമാണു വീഡിയോകളില്‍ പങ്കുവയ്ക്കുന്നത്.
ശിശുക്ഷേമസമിതി വഴി ആന്ധ്രയിലെ ദമ്പതികള്‍ക്കു ദത്ത് നല്കിയ കുഞ്ഞിനെ കഴിഞ്ഞ നവംബറിലാണു നിരന്തര സമരങ്ങളുടെയും സാമൂഹിക ഇടപെടലിന്റെയും ഫലമായി തിരിച്ചുകിട്ടിയത്.
ഡിസംബറില്‍ ഇരുവരും നിയമപരമായി വിവാഹിതരായി. കുഞ്ഞിനെ തിരിച്ചുകിട്ടിയശേഷം പ്രത്യക്ഷ സമരപരിപാടികള്‍ അവസാനിപ്പിച്ചിരുന്നു.
എന്നാല്‍ ശിശുക്ഷേമസമിതിക്കും അനുപമയുടെ ബന്ധുക്കള്‍ക്കുമെതിരായ കേസുകള്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് അജിത് പറഞ്ഞു.
ദത്തുവിവാദത്തില്‍ വനിതാ ശിശു വികസന ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്.
സിപിഎം സംസ്ഥാന സമിതിയംഗവും സിഐടിയു നേതാവുമായിരുന്ന പേരൂര്‍ക്കട സദാശിവന്റെ കൊച്ചുമകളും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പി.എസ്.ജയചന്ദ്രന്റെ മകളുമാണ് അനുപമ.
എസ്എഫ്ഐ ഏരിയ കമ്മിറ്റിയംഗമായിരുന്നു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്ന അജിത്തുമായുള്ള പ്രണയത്തെത്തുടര്‍ന്ന് 2020 ഒക്ടോബര്‍ 19നാണു കുഞ്ഞുണ്ടാകുന്നത്.
ആ സമയത്ത് മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവായിരുന്ന അജിത്തുമായി ബന്ധം സ്ഥാപിക്കുന്നതിനെ എതിര്‍ത്ത വീട്ടുകാര്‍ അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമസമിതിയില്‍ ഉപേക്ഷിച്ചെന്നും സമിതി കുഞ്ഞിനെ ദത്തു നല്‍കിയെന്നുമായിരുന്നു കേസ്.