നിവിന്‍ പോളി ചിത്രം പ്രേമത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് അനുപമ പരമേശ്വരന്‍. മലയാളത്തില്‍ നിന്ന് തെലുങ്കിലേക്ക് കടന്ന നടിക്ക് ഇപ്പോള്‍ കൈനിറയെ അവസരങ്ങളാണ്.
ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പക്ഷേ നടിക്ക് അത്ര സുഖകരമായതല്ല. ഹലോ ഗുരു പ്രേമശോകം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പ്രകാശ് രാജ് അനുപമയെ ചീത്ത പറഞ്ഞെന്നും ഇതിന്റെ വിഷമത്തില്‍ നടി തലകറങ്ങി വീണെന്നുമായിരുന്നു വാര്‍ത്ത.
സംഭവത്തെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകന്‍ നക്കിന ത്രിനാഥ റാവു പറഞ്ഞത് ഇങ്ങനെ: മുതിര്‍ന്ന താരങ്ങള്‍ യുവതാരങ്ങളെ ഉപദേശിക്കുന്നതൊക്കെ പതിവു കാര്യങ്ങളാണ്. ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്.
ഒരു സീനില്‍ അനുപമ കുറച്ചുകൂടി മെച്ചപ്പെടുത്തണം എന്ന് തോന്നിയതിനെ തുടര്‍ന്ന് പ്രകാശ് രാജ് അവരെ ഉപദേശിച്ചു. ഒരുപക്ഷെ അനുപമയ്ക്ക് വിഷമം തോന്നിയിരിക്കാം. അത്രയേ സംഭവിച്ചിട്ടുള്ളു,
അനുപമ തലകറങ്ങിവീണത് ഫുഡ് പോയിസണ്‍ മൂലമായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. രാവിലെ മുതലേ അവര്‍ വളരെ ഡള്ളായിരുന്നു. വിശ്രമിക്കാന്‍ പറഞ്ഞിട്ടും ഷൂട്ട് തുടരാം എന്ന് അനുപമ തന്നെയാണ് പറഞ്ഞത്.
പിന്നീട് വയ്യാതായപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പത്തുമിനിട്ടില്‍ തിരിച്ചു പോന്നു. ചിത്രീകരണം നിര്‍ത്തിവച്ചത് അതുകൊണ്ടൊന്നും അല്ല. പ്രകാശ് രാജിന്റെ ഡേറ്റ് അതുവരെയേ നമുക്ക് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടായിരുന്നു. പിന്നീട് ഷൂട്ട് നടത്തുകയും ചെയ്തു.