അനുപമയുടേതെന്നു സംശയിക്കുന്ന കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ദത്ത് നൽകിയെന്ന വിവരം ഇതിനോടകം പുറത്തു വന്നിരുന്നു.
ആന്ധ്രാപ്രദേശിലെ അധ്യാപക ദന്പതികളാണ് കുഞ്ഞിനെ ദത്തെടുത്തതെന്നാണ് പുറത്തുവന്ന വിവരം. കുട്ടികളില്ലാതിരുന്ന ദന്പതികൾ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ഏറെക്കാലമായി കേരളസർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകൾക്ക് അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു.
ഭാര്യ ഗർഭിണിയായി നിരവധി തവണ അബോർഷനായി. അധ്യാപികയായ ഭാര്യക്ക് കുഞ്ഞിനെ പ്രസവിക്കാൻ കഴിയില്ലെന്നും ഇനിയും ഗർഭിണിയായാൽ അവർക്ക് അപകടം സംഭവിക്കുമെന്ന ഡോക്ടർമാരുടെ നിർദേശം അറിഞ്ഞ് വിഷമിച്ചിരിക്കവേയാണ് അധ്യാപക ദന്പതികൾക്കു കേരളത്തിൽനിന്നും കുഞ്ഞിനെ ദത്തു കിട്ടിയത്.
അനുപമയുടെ കുഞ്ഞാണിതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ശാസ്ത്രീയമായി സ്ഥിരീകരിക്കണമെങ്കിൽ കോടതിയുടെ നിർദേശാനുസരണം ഡിഎൻഎ ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തേണ്ടതായിട്ടുണ്ട്.
കുഞ്ഞിന്റെ ദത്ത് വിവാദം കേരളത്തിൽ ചർച്ചയായതിനെത്തുടർന്നു മാധ്യമപ്രവർത്തകർ ആന്ധ്രപ്രദേശിലെ അധ്യാപക ദന്പതികളെയും കുഞ്ഞിനെയും നേരിൽ കണ്ടു.
വളരെ സ്നഹത്തോടെ വളർത്തുന്ന കുഞ്ഞിന്റെ അവകാശം കോടതി കയറിയതോടെ അധ്യാപക ദന്പതികളും ഏറെ മനോവിഷമത്തിലായി.
ജയചന്ദ്രനു വിലക്ക്
ദത്ത് വിവാദം പാർട്ടിയെയും സർക്കാരിനെയും പ്രതികൂട്ടിലാക്കിയതോടെ താത്കാലികമായി ചെറിയ രീതിയിലെങ്കിലും നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയാറായി. ജയചന്ദ്രനോടു പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നു നിർദേശം നൽകി.
അതേസമയം, തന്റെ പിതാവിനും മാതാവിനുമെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം വീണ്ട ും അനുപമ ഉന്നയിച്ചു.
കൂടാതെ ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാനെതിരെയും കർശന നടപടി വേണമെന്ന് അനുപമ ആവശ്യപ്പെട്ടെങ്കിലും ശിശുക്ഷേമ സമിതി സെക്രട്ടറിക്കെതിരെ പാർട്ടിയൊ സർക്കാരോ നടപടിയെടുക്കാൻ തയാറായില്ല. ഇതിനെതിരെയും അനുപമ രംഗത്തു വന്നിരുന്നു.
സഭയിലും കത്തിക്കയറി
കുഞ്ഞിനെ മാതാവിൽനിന്നു തട്ടിയെടുത്തു നിയമവിരുദ്ധമായി ദത്ത് നൽകിയെന്ന ആരോപണവുമായി സർക്കാരിനെതിരെ ഇതിനിടെ പ്രതിപക്ഷം നിയമസഭയിൽ കത്തിക്കയറി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.കെ.രമയുമാണ് വിഷയം സഭയിൽ ഉന്നയിച്ചത്.
ആരോപണങ്ങൾക്ക് ആരോഗ്യ വനിതാ ശിശുക്ഷേമമന്ത്രി വീണ ജോർജ് മറുപടി നൽകി. സർക്കാർ അനുപമയ്ക്ക് ഒപ്പമാണെന്നും അനുപമയ്ക്ക് നീതി കിട്ടണമെന്നാണ് മന്ത്രി നിയമസഭയെ അറിയിച്ചത്.
എന്നാൽ, ശിശുക്ഷേമസമിതിക്കു വീഴ്ച പറ്റിയിട്ടില്ലെന്നും നിയമപരമായാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്നുമാണ് മന്ത്രി പറഞ്ഞത്. മന്ത്രിയുടെ മറുപടിയ്ക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചു. ശിശുക്ഷേമസമിതിയെ മന്ത്രി വെള്ളപൂശുകയാണെന്നു പ്രതിപക്ഷം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ കുഞ്ഞിനെ തട്ടിയെടുക്കാൻ കൂട്ടുനിന്നെന്നു കെ.കെ.രമ ആരോപണം കടുപ്പിച്ചതോടെ സ്പീക്കർ രമയുടെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.
കോടതിയിൽ
അനുപമയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ജയചന്ദ്രനും കുടുംബവും മുൻകൂർ ജാമ്യത്തിനായി തിരുവനന്തപുരം സെഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
ജയചന്ദ്രൻ, അദ്ദേഹത്തിന്റെ ഭാര്യ സ്മിത, അനുപമയുടെ സഹോദരി , സഹോദരി ഭർത്താവ് എന്നിവർക്കെതിരെയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.
കേസിൽ ജയചന്ദ്രനും കൂട്ടർക്കും മുൻജാമ്യം നൽകരുതെന്നു കാട്ടി പ്രോസിക്യൂഷനും പേരൂർക്കട പോലീസും കോടതിയിൽ റിപ്പോർട്ട് നൽകി.
ജയചന്ദ്രനും ഭാര്യയ്ക്കും മുൻകൂർ ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കുമെന്നും അന്വേഷണത്തെ ബാധിക്കുമെന്നും പോലീസും പ്രോസിക്യൂഷനുംകോടതിയെ ധരിപ്പിച്ചു.
പ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നു പോലീസ് കോടതിയോട് അഭ്യർഥിച്ചു. എന്നാൽ പ്രതിഭാഗം കോടതിയിൽ പ്രോസിക്യൂഷന്റെ വാദങ്ങളെ എതിർത്തു. കുഞ്ഞിനെ അമ്മത്തൊട്ടിലിലാണ് വച്ചതെന്നു പ്രതിഭാഗം കോടതിയെ ധരിപ്പിച്ചു.
അനുപമയുടെ സമ്മതത്തോടെയായിരുന്നു കുഞ്ഞിനെ അമ്മത്തൊട്ടിലിൽ വച്ചതെന്നായിരുന്നു ജയചന്ദ്രനു വേണ്ടി വാദി ഭാഗം കോടതിയെ ധരിപ്പിച്ചത്. കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ ശ്രമിച്ചിട്ടില്ലെന്നും അനുപമയുടെ സമ്മതത്തോടെയാണ് എല്ലാം ചെയ്തതെന്നായിരുന്നു പ്രതിഭാഗം കോടതിയെ ധരിപ്പിച്ചത്.
അതിനാൽ കേസ് നിലനിൽക്കില്ലെന്ന നിലപാടാണ് പ്രതിഭാഗം കോടതിയിൽ ധരിപ്പിച്ചത്.
(തുടരും)