സ്വന്തം ലേഖകൻ
ന്യൂഡൽഹി: പേരൂർക്കടയിൽ അമ്മയിൽ നിന്നു കുഞ്ഞിനെ മാറ്റിയ കേസിൽ അനുപമയ്ക്ക് നീതി നിഷേധിക്കപ്പെട്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്.
ഇതുവരെ സംഭവിച്ചിരിക്കുന്നത് അങ്ങേയറ്റം മനുഷ്യത്വ രഹിതമായ കാര്യങ്ങളാണ്. അനുപമയ്ക്ക് എത്രയും വേഗം കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ സിപിഎം സംസ്ഥാന നേതൃത്വം വെട്ടിലയിരിക്കേയാണ് സിപിഎം കേന്ദ്ര കമ്മിറ്റി നടക്കുന്നതിനിടെ ഡൽഹിയിൽ നിന്ന് പോളിറ്റ് ബ്യൂറോ അംഗം അനുപമയ്ക്ക് പൂർണ പിന്തുണ നൽകി രംഗത്തെത്തിയത്.
അതേസമയം, അനുപമയുടെ വിഷയത്തിൽ തനിക്കു നേരിട്ടു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നു പി.കെ ശ്രീമതി പറഞ്ഞു. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് വഴിയാണ് വിഷയം അറിഞ്ഞത്.
പാർട്ടി അനുമപമയ്ക്ക് ഒപ്പമാണെന്നു വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ മറ്റു വിവാദങ്ങൾക്കില്ലെന്നും ശ്രീമതി ഡൽഹിയിൽ പറഞ്ഞു.
സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കാൻ പോരാടുന്ന അനുപമയ്ക്ക് ഒപ്പമാണ് പാർട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവനും ഡൽഹിയിൽ വ്യക്തമാക്കി.
നീതി ഉറപ്പാക്കാൻ ഒപ്പമുണ്ടാകും. അമ്മയ്ക്ക് കുഞ്ഞിനെ തിരികെ ലഭിക്കണം. വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ തിരുവനന്തപുരം ജില്ലാനേതൃത്വം ഇടപെട്ടതാണ്.
നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണിത്. പാർട്ടി തലത്തിൽ പ്രശ്നം പരിഹരിക്കാനാകില്ല.
എന്നാൽ, പാർട്ടി അറിഞ്ഞാണ് കുഞ്ഞിനെ ദത്തുനൽകിയതെന്ന ആരോപണം എ വിജയരാഘവൻ തള്ളി.
തിരുവനന്തപുരത്ത് അനുപമ പ്രത്യക്ഷസമരം ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് അമ്മയ്ക്ക് കുഞ്ഞിനെ തിരികെ ലഭിക്കാൻ ഒപ്പമുണ്ടാകുമെന്ന് എ. വിജയരാഘവൻ പറഞ്ഞത്. നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.